റോമിൽ നടക്കുന്ന ആഗോള കത്തോലിക്ക കോൺഗ്രസ് സംഗമത്തിൽ ഡോ. കെ. സി. ജോർജും ജോബി ജോർജ് നീണ്ടുകുന്നേലും പങ്കെടുക്കും

ന്യൂഡൽഹി: 2026 ഒക്ടോബർ 20 മുതൽ 24 വരെ റോമിൽ നടക്കുന്ന ആഗോള കത്തോലിക്ക കോൺഗ്രസ് സംഗമത്തിൽ ഡൽഹിയിൽ നിന്നും ഡോ. കെ. സി. ജോർജും ജോബി ജോർജ് നീണ്ടുകുന്നേലും പങ്കെടുക്കും. 44 രാജ്യങ്ങളിൽ നിന്നായി 150-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ആഗോള സംഗമം സിറോമലബാർ വിശ്വാസസമൂഹത്തിന്റെയും അൽമായ നേതൃത്വത്തിന്റെയും അന്താരാഷ്ട്ര തലത്തിലുള്ള പ്രധാന കൂടിക്കാഴ്ചയായിരിക്കും.
ഒക്ടോബർ 22-ന് പരിശുദ്ധ പിതാവ് പോപ്പ് ലിയോ XIV മാർപാപ്പ, സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കത്തോലിക്കാ അൽമായ നേതാക്കൾക്ക് പരിശുദ്ധ പിതാവുമായി ആശയവിനിമയം നടത്തുന്നതിനുള്ള അപൂർവ അവസരമായിരിക്കും ഇത്.
സീറോ-മലബാർ സഭയിലെ അൽമായരുടെ സംഘടനയായ കത്തോലിക്ക കോൺഗ്രസ്, സഭയുടെ അൽമായ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിവരുന്ന സംഘടനയാണ്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ നേതൃത്വത്തിലും ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനി പിതാവിൻ്റെ മാർഗനിർദേശത്തിലും സീറോ-മലബാർ സഭയിലെ മറ്റ് സീനിയർ ബിഷപ്പുമാരുടെ സഹകരണത്തോടെയുമാണ് കത്തോലിക്ക കോൺഗ്രസ് പ്രവർത്തിക്കുന്നത്
റോമിലെ ആഗോള സംഗമത്തിൽ പങ്കെടുക്കുന്നതിൽ ഏറെ സന്തോഷവും പ്രതീക്ഷയും ഉണ്ടെന്ന് ഡോ. കെ. സി. ജോർജും ജോബി നീണ്ടുകുന്നേലും അറിയിച്ചു. വിശ്വാസം, സ്നേഹം, സേവനം, സാമൂഹിക ഉത്തരവാദിത്വം എന്നിവയുടെ സന്ദേശം കൂടുതൽ ശക്തമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതിനും ഈ സംഗമം സഹായകരമാകുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
പരിശുദ്ധ പിതാവായ പോപ്പ് ലിയോ XIV-നെ നേരിൽ കാണാൻ കഴിയുമെന്നത് സംഘത്തിന് പ്രത്യേക ആത്മീയ അനുഭവമായിരിക്കുമെന്ന് ഇരുവരും പറഞ്ഞു. പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനും പൂർണ്ണമായ സൗഖ്യത്തിനുമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ നടത്തിയ പ്രാർത്ഥനകളുടെ പശ്ചാത്തലത്തിൽ, അദ്ദേഹത്തെ നേരിൽ കാണാനുള്ള അവസരത്തെ വലിയ കൃതജ്ഞതയോടെയും പ്രതീക്ഷയോടെയും ആണ് സംഘം കാണുന്നത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന ഈ സംഗമം, സഭയുടെ ദൗത്യത്തിൽ അൽമായരുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക നീതി, കുടുംബം, യുവജനങ്ങൾ, മനുഷ്യാവകാശങ്ങൾ, സമാധാനം, സേവനം തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനും പുതിയ വഴികൾ തുറക്കുമെന്നാണ് പ്രതീക്ഷ..





Comments