top of page

ദിവ്യ പ്രഭ ചൊരിഞ്ഞ് പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം; 20 വർഷങ്ങൾക്ക് ശേഷം മഹാ സഹസ്രകലശാഭിഷേക മഹോത്സവം സെപ്റ്റംബർ 28 വരെ:

ന്യൂസ് ബ്യൂറോ , ഡൽഹി
15 hours ago
2 min read

ഡൽഹിയിലെ മലയാളികളുടെയും അയ്യപ്പ ഭക്തരുടെയും ആത്മീയ കേന്ദ്രമായ പുഷ്പ വിഹാർ സെക്ടർ-1ലെ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ മഹോത്സവത്തിന് കൊടിയേറി. 20 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നടക്കുന്ന മഹാ സഹസ്രകലശാഭിഷേകം, പരിഹാര പൂജകൾ, പരിഹാര പ്രതിഷ്ഠാ മഹോത്സവം എന്നിവ 2026 സെപ്റ്റംബർ 21 ഞായർ മുതൽ 28 തിങ്കൾ വരെ എട്ട് ദിവസങ്ങളിലായി നടത്തപ്പെടുന്നു.

1995-ൽ ഡൽഹിയിലെ ഒരു കൂട്ടം ഭക്തർ ചേർന്ന് രൂപീകരിച്ച പുഷ്പ വിഹാർ അയ്യപ്പ സേവാ സമിതി (PVASS) യുടെ സ്വപ്നമാണ് ഈ ക്ഷേത്രം. കേരളത്തിന് പുറത്ത്, കേരളത്തിലെ തന്നെ ശുദ്ധമായ തച്ചുശാസ്ത്ര പ്രകാരം നിർമ്മിച്ച ക്ഷേത്രങ്ങളിൽ ഒന്നാണിത്.ക്ഷേത്രത്തിന്റെ നിർമ്മിതി തന്നെ അത്ഭുതമാണ്. തമിഴ്നാട്ടിലെ മഹാബലിപുരത്തു നിന്നും കർണാടകയിൽ നിന്നും കൊണ്ടുവന്ന കൃഷ്ണശിലയിൽ കേരളത്തിലെ പരമ്പരാഗത ശില്പികൾ വർഷങ്ങളോളം കൊത്തിയെടുത്തതാണ് ശ്രീകോവിൽ, നമസ്കാര മണ്ഡപം, ചുറ്റമ്പലം എന്നിവ. മേൽക്കൂരയിൽ സ്വർണ്ണം പൂശിയ താഴികക്കുടം ദൂരെ നിന്ന് തന്നെ ഭക്തർക്ക് ദർശനമാകുന്നു. തന്ത്രശാസ്ത്ര പ്രകാരമുള്ള എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചാണ് ഇവിടുത്തെ നിത്യപൂജകൾ നടക്കുന്നത്.

ലോകത്തിൽ വളരെ അപൂർവമായ പ്രതിഷ്ഠ - പ്രഭാ സത്യക സമേതൻ:ഈ ക്ഷേത്രത്തെ ലോകപ്രശസ്തമാക്കുന്നത് ഇവിടുത്തെ വിഗ്രഹമാണ്. സാധാരണയായി അയ്യപ്പനെ ബ്രഹ്മചാരിയായിട്ടാണ് ആരാധിക്കാറ്. എന്നാൽ ഇവിടെ ഭഗവാൻ തന്റെ പൂർണ്ണമായ ഗൃഹസ്ഥ ഭാവത്തിലാണ് - പ്രഭാ സത്യക സമേതനായ ശ്രീ ധർമ്മശാസ്താവ്.ശിവന്റെയും മോഹിനീ രൂപത്തിലുള്ള വിഷ്ണുവിന്റെയും പുത്രനായ ധർമ്മശാസ്താവ്, ധർമ്മത്തിന്റെ സംരക്ഷകനാണ്. അദ്ദേഹത്തിന്റെ ഇടതുവശത്ത് ഐശ്വര്യദായിനിയായ ശ്രീ പ്രഭാ ദേവിയും വലതുവശത്ത് സത്യത്തിന്റെ പ്രതീകമായ മകൻ ശ്രീ സത്യകനും കുടുംബ സമേത രൂപം ലോകത്തിൽ അധികം ഇല്ല. കുടുംബ ഐശ്വര്യം, ദാമ്പത്യ സൗഖ്യം, സന്താന ഭാഗ്യം, വിവാഹ തടസ്സ പരിഹാരം എന്നിവയ്ക്ക് ഈ സ്വരൂപത്തെ ആരാധിക്കുന്നത് അത്യുത്തമാണെന്ന് വിശ്വസിക്കപ്പെടുന്നു.


ഇതിനു പുറമെ വിഘ്നഹർത്താവായ മഹാഗണപതി, ആദിപരാശക്തിയായ ശ്രീ ദുർഗ്ഗാദേവി, പരമശിവൻ, നാഗരാജാവ്, എന്നിവയും ഉപദേവതകളായുണ്ട്.

ഈ തവണ നടക്കുന്ന ചടങ്ങിൽ ദുർഗ്ഗാദേവിയുടെ പുനഃപ്രതിഷ്ഠയും വലിയ ബലിക്കല്ലിന്റെയും ഇന്ദ്രാദി ദിക്പാലകരുടെയും പരിഹാര പ്രതിഷ്ഠയും നടക്കും?


ക്ഷേത്രങ്ങളിൽ 12 വർഷത്തിലോ 20 വർഷത്തിലോ ഒരിക്കൽ നടത്തേണ്ട ഏറ്റവും ശ്രേഷ്ഠമായ ശുദ്ധീകരണ കർമ്മമാണ് സഹസ്രകലശം. വിവിധ പുണ്യനദികളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും ശേഖരിച്ച ജലം നിറച്ച ആയിരം കലശങ്ങളിൽ, വേദ മന്ത്രങ്ങളും ബീജ മന്ത്രങ്ങളും കൊണ്ട് ചൈതന്യം ആവാഹിച്ച്, ഹോമങ്ങളിലൂടെ ശക്തിപ്പെടുത്തി, ആ തീർത്ഥം കൊണ്ട് ഭഗവാന് നടത്തുന്ന മഹാഭിഷേകമാണിത്.


കാലപ്പഴക്കം, പ്രകൃതിക്ഷോഭങ്ങൾ, മനുഷ്യന്റെ അറിവില്ലായ്മ കൊണ്ടുള്ള തെറ്റുകൾ എന്നിവയാൽ വിഗ്രഹത്തിനും ക്ഷേത്രത്തിനും സംഭവിക്കുന്ന ചൈതന്യക്കുറവ് പരിഹരിക്കാനും, ഭക്തർക്കും നാടിനും സമാധാനവും ഐശ്വര്യവും നൽകാനും ഇതിലും വലിയ കർമ്മമില്ല. ഈ അഭിഷേക തീർത്ഥം തലയിൽ തളിക്കുന്നവർക്ക് സർവ്വ പാപങ്ങളും ദുരിതങ്ങളും നീങ്ങി സർവ്വാഭീഷ്ട സിദ്ധി ലഭിക്കുമെന്നാണ് ശാസ്ത്രം.


ഈ മഹോത്സവത്തിന്റെ എല്ലാ താന്ത്രിക കർമ്മങ്ങൾക്കും നേതൃത്വം നൽകുന്നത് പ്രസിദ്ധ തന്ത്ര പണ്ഡിതൻ ബ്രഹ്മശ്രീ പുതുമന ദാമോദരൻ നമ്പൂതിരിയാണ്. ചടങ്ങുകൾക്ക് ദിവ്യമായ താളം പകരാൻ പ്രസിദ്ധ വാദ്യകലാകാരൻ അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും പഞ്ചവാദ്യമേളവും സോപാന സംഗീതവും ഉണ്ടായിരിക്കും.

സെപ്റ്റംബർ 21നും 26നും, 27 നും വൈകിട്ട് പ്രത്യേക ചുറ്റുവിളക്കും ഉണ്ടായിരിക്കും.


സെപ്റ്റംബർ 21 - ദിവസം 1 - ശുദ്ധീകരണ ആരംഭം: രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, വിഷ്ണു പൂജ. വൈകിട്ട് സുദർശന ഹോമം, ഭഗവതി സേവ, പരദേവതാ പൂജകൾ, ആവാഹനങ്ങൾ.


സെപ്റ്റംബർ 22 - ദിവസം 2 - വാസ്തു ശുദ്ധി: ഗണപതി ഹോമം, പ്രതിമാശുദ്ധി, ഭാഗവത പാരായണം, തിലഹവനം, കൽക്കാഴിച്ചൂട്ട്, വിഷ്ണു സഹസ്രനാമ ജപം, സായൂജ്യ പൂജ, ആചാര്യ വരണം, മുളയിടൽ, രൗഗ്ണ ഹോമം, വാസ്തു ഹോമം, വാസ്തു കലശ പൂജകൾ, വാസ്തു ബലി, വാസ്തു കലശാഭിഷേകം, പുണ്യാഹം.


സെപ്റ്റംബർ 23 - ദിവസം 3 - നവീകരണ പ്രായശ്ചിത്തം: ഉഷഃപൂജ, അങ്കുര പൂജ, നവീകരണ പ്രായശ്ചിത്ത ഹോമം, ധർമ്മശാസ്താ ചന്ദന ശുദ്ധി, ധാര, പഞ്ചഗവ്യം, കലശാഭിഷേകം. സെപ്റ്റംബർ 24 - ദിവസം 4 - ശാന്തി ഹോമങ്ങൾ: പ്രോക്ത ഹോമം, പ്രായശ്ചിത്ത ഹോമം, ശാന്തി ഹോമം, ശാന്തി ഹോമ കലശാഭിഷേകം.


സെപ്റ്റംബർ 25 - ദിവസം 5 - അത്ഭുത ശാന്തി: അദ്ഭുത ശാന്തി ഹോമം, സ്വശാന്തി ഹോമം, ചോര ശാന്തി ഹോമം, കലശ മണ്ഡപ ശുദ്ധി, പത്മലേഖനം.

സെപ്റ്റംബർ 26 - ദിവസം 6 - തത്വ കലശം: ജലദ്രോണി പൂജ, കുംഭേശ കർക്കരി കലശ പൂജ, ബ്രഹ്മ കലശ പൂജ, പരികലശ പൂജകൾ, തത്വ ഹോമം, തത്വ കലശാഭിഷേകം. വൈകിട്ട് അധിവാസ ഹോമം, കലശാധിവാസം.


സെപ്റ്റംബർ 27 - ഞായർ - ദിവസം 7 - മഹാ ബ്രഹ്മകലശാഭിഷേകം - പ്രധാന ദിവസം: രാവിലെ 8.30 മുതൽ അധിവാസ ഉഷഃപൂജ, മരപ്പാണി, തുടർന്ന് ഈ മഹോത്സവത്തിന്റെ ഹൃദയമായ മഹാ ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, കുംഭേശ കലശാഭിഷേകം. ഈ ദിവസമാണ് ആയിരം കലശ തീർത്ഥം ഭക്തർക്ക് ലഭിക്കുക. ഉച്ചയ്ക്ക് വിശേഷ അന്നദാനം. വൈകിട്ട് വലിയ ബലിക്കൽ ശുദ്ധിക്രിയകൾ.


സെപ്റ്റംബർ 28 - ദിവസം 8 - മഹാ പ്രതിഷ്ഠാ ദിവസം: ഇന്ദ്രാദി ദിക്പാലക പ്രതിഷ്ഠ, വലിയ ബലിക്കൽ പ്രതിഷ്ഠ, പഞ്ചവിംശതി കലശാഭിഷേകം, ദുർഗ്ഗാദേവിയുടെ പുനഃപ്രതിഷ്ഠ, ശ്രീ ഭൂതബലി, ആചാര്യ ദക്ഷിണയോടെ സമാപനം.


എല്ലാ ദിവസവും രാവിലെ ലഘുഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും. 26, 27 തീയതികളിൽ വിശേഷ അന്നദാനം ഉണ്ടായിരിക്കും . ഡൽഹിയിലെ മുഴുവൻ ഭക്തജനങ്ങളും ഈ അപൂർവ്വ മുഹൂർത്തത്തിൽ പങ്കെടുത്ത് പുണ്യം നേടണമെന്ന് ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അഭ്യർത്ഥിച്ചു.


കൂടുതൽ വിവരങ്ങൾക്ക്: www.dharmasaastha.org

സ്വാമിയേ ശരണമയ്യപ്പാ!


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page