top of page

ഡൽഹിയിൽ വായു മലിനീകരണം നേരിടാൻ കൃത്രിമ മഴ പെയ്യിക്കും

  • പി. വി ജോസഫ്
  • Sep 26, 2024
  • 1 min read
ree

വിന്‍റർ സീസൺ അടുത്തതോടെ ഡൽഹി നിവാസികൾ വായു മലിനീകരണത്തിന്‍റെ ആശങ്കയിലാണ്. തണുപ്പിന്‍റെയും മഞ്ഞിന്‍റെയും ദിവസങ്ങളിൽ വായു നിലവാരം അപകടകരമായ തലത്തിലേക്ക് എത്തുകയാണ് പതിവ്. മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തിൽ ഈ പ്രശ്‍നം നേരിടാൻ പല നടപടികളും എടുക്കുന്നുണ്ട്. പടക്ക നിരോധനവും, വഹനങ്ങൾക്ക് ഒറ്റ-ഇരട്ട നിയന്ത്രണവും, മരം വെച്ചുപിടിപ്പിക്കലും പോലുള്ള കാര്യങ്ങൾ അതിൽ ഉൾപ്പെടുന്നു.


നവംബർ മാസത്തോടെ മലിനീകരണ തോത് രൂക്ഷമാകുന്നതോടെ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്നലെ പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അറിയിച്ചു. നവംബർ 1 നും 15 നും ഇടയിൽ മഴ പെയ്യിക്കാനാണ് ആലോചന. ഇതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി അഭ്യർത്ഥിച്ച് കത്ത് എഴുതിയിട്ടുണ്ട്. കൃത്രിമ മഴ പെയ്യിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും കേന്ദ്രത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


മലിനീകരണ തോത് അപ്പപ്പോൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കും. ഒരു സ്‍പെഷ്യൽ ടാസ്ക്ക് ഫോഴ്‌സിന് രൂപം നൽകും. പരിസ്ഥിതി, ട്രാൻസ്‍പോർട്ട് വകുപ്പുകൾ, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ, പബ്ലിക്ക് വർക്ക്‌സ് ഡിപ്പാർട്ട്‍മെന്‍റ് എന്നിവയിൽ നിന്നുള്ള 86 അംഗങ്ങൾ ചേർന്ന് അതിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.


നഗരത്തിൽ 2016 മുതൽ വായു മലിനീകരണ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2023 വരെ അത് 34.6 ശതമാനമായി മെച്ചപ്പെട്ടു. കഴിഞ്ഞ നാല് വർഷം കൊണ്ട് ഡൽഹിയിൽ രണ്ട് കോടി മരങ്ങളാണ് നട്ടതെന്നും, മലിനീകരണ തോത് കുറയാൻ അത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page