ഡൽഹി–എൻസിആറിൽ സംസ്കാര സാഹിതി ഡൽഹി ചാപ്റ്ററിന് കെപിസിസി സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക അംഗീകാരം

ന്യൂഡൽഹി: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക അംഗീകാരത്തോടെ സംസ്കാര സാഹിതി ഡൽഹി ചാപ്റ്റർ (ഡൽഹി–ദേശീയ തലസ്ഥാന മേഖല) രൂപീകരിച്ചു. 2026–2028 കാലയളവിലേക്കുള്ള ഭാരവാഹികളെയും നിർവാഹക സമിതി അംഗങ്ങളെയും സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി നിയമിച്ചു.
പുതിയ ഭാരവാഹികളായി ചെയർപേഴ്സണായി ശ്രീമതി ലത ഉമ്മൻ, വൈസ് ചെയർമാനായി ശ്രീ സുരേഷ് ബാബു, ജനറൽ കൺവീനറായി ശ്രീ ഷിനു ജോസഫ്, ട്രഷററായി ശ്രീ മുഹമ്മദ് ഇല്യാസ് എന്നിവരെ നിയമിച്ചു.

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും പ്രചരിപ്പിക്കുന്നതിനൊപ്പം സാഹിത്യം, കല, സംസ്കാരം, ബൗദ്ധിക സംവാദങ്ങൾ എന്നിവയ്ക്ക് വേദിയൊരുക്കുകയുമാണ് പുതിയ ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യം. കുട്ടികൾക്കും യുവജനങ്ങൾക്കുമായി കലാ-സാഹിത്യ മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ പ്രാദേശിക കൂട്ടായ്മകൾ രൂപീകരിച്ച് പ്രവർത്തനം വിപുലീകരിക്കുന്നതിനും പദ്ധതിയുണ്ട്.
മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി, ദേശീയ ഐക്യം തുടങ്ങിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വിവിധ സാമൂഹിക-സാംസ്കാരിക വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കും പുതിയ ചാപ്റ്റർ നേതൃത്വം നൽകും.




Comments