top of page

ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ: കേരളം കാണാം ആറന്മുള കണ്ണാടിയിലൂടെ

ന്യൂസ് ബ്യൂറോ , ഡൽഹി
13 hours ago
1 min read

'ആറന്മുള കണ്ണാടിയിലൂടെ കേരളത്തെ കാണാം' എന്നതാണ് ഇത്തവണത്തെ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ കേരള പവലിയന്റെ കൗതുകം. കേരളത്തിന്റെ സവിശേഷമായ പാരമ്പര്യത്തെ അറിഞ്ഞു കൊണ്ട് സംസ്ഥാനത്തിൻ്റെ വികസനവും ഉത്പന്ന വൈവിധ്യവും നോക്കിക്കാണുക എന്ന സന്ദേശമാണ് ആറന്മുള കണ്ണാടിയുടെ മാതൃകയിൽ രൂപകല്പന ചെയ്ത പ്രവേശനകവാടത്തിലൂടെ നൽകിയിരിക്കുന്നത്.


​ഇതിനൊപ്പം സുദീർഘമായ സമുദ്രവാണിജ്യ പാരമ്പര്യമുള്ള സംസ്ഥാനത്തിൻ്റെ വികസനക്കുതിപ്പിൻ്റെ സുപ്രധാന അടയാളങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാതൃകയും ലൈറ്റ് ഹൗസും പ്രവേശനകവാടത്തിൽ നൽകിയിട്ടുണ്ട്.


പൂർണ്ണവലുപ്പത്തിലുള്ള ആനയുടെ ഇൻസ്റ്റലേഷനും അതിനുചുറ്റുമുള്ള തെങ്ങിന്റെ മാതൃകകളുമാണ് പവലിയന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിന്റെ കാർഷികപാരമ്പര്യത്തെയും ദൈനംദിനജീവിതം, ഉപജീവനം, ഭക്ഷണം, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയിൽ തെങ്ങിനുള്ള പ്രാധാന്യത്തെയും സൂചിപ്പിക്കുന്ന 'കല്പവൃക്ഷം' എന്ന സങ്കല്പമാണ് ഈ ഇൻസ്റ്റലേഷനിലൂടെ നൽകുന്നത്.


ഹരിതാഭയും സുഗന്ധവ്യഞ്ജനങ്ങളുടെ പൈതൃകവും കഥകളിയും പവലിയനെ കൂടുതൽ ആകർഷകമാക്കുന്നു .


​'വികാസ് ഔർ വിരാസത്’ അഥവാ വികസനവും പാരമ്പര്യവും എന്ന ഈ വർഷത്തെ വ്യാപാരമേളയുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് പവലിയൻ്റെ രൂപകല്‌പന. ഇതിലൂടെ പാരമ്പര്യത്തിൽ വേരൂന്നിനിന്ന് ലോകത്തിനുമുന്നിൽ തുറന്നിരിക്കുന്ന, ആത്മവിശ്വാസമുള്ള പുതുയുഗകേരളത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.


നവംബർ 27 വരെയാണ് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ മേള സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിന്റെ തനത് ഉത്‌പന്നങ്ങളാണ് സ്റ്റാളുകളിൽ പ്രദർശിപ്പിക്കാനും വിൽക്കാനും എത്തിച്ചിട്ടുള്ളത്.  രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെയാണ് പൊതുജനങ്ങൾക്ക് സന്ദർശനസമയം.


 ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് കേരള പവലിയൻ സജ്ജമാക്കിയിട്ടുള്ളത്.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page