top of page

ട്രെയിൻ യാത്രയിൽ RAC സിസ്റ്റം ഒഴിവാക്കാൻ ആലോചന

ന്യൂസ് ബ്യൂറോ , ഡൽഹി
13 hours ago
1 min read

തിരക്കേറിയ സീസണിലെ ട്രെയിൻ യാത്രയുടെ ക്ലേശം അനുഭവിക്കാത്ത മലയാളികൾ ഡൽഹിയിൽ കുറവായിരിക്കും. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് RAC യെങ്കിലും ആകണേയെന്ന പ്രാർത്ഥനയായിരിക്കും ട്രാവൽ തീയതിയോട് അടുക്കുമ്പോൾ പലരുടെയും മനസ്സിൽ. കിടന്നില്ലെങ്കിലും ഇരിക്കാൻ സാധിച്ചാൽ മതിയെന്നാണ് ചിന്ത. പക്ഷെ അതിന് അതിന്‍റേതായ പരിമിതികളും ഉണ്ടെന്ന് അധികൃതർക്ക് ബോധ്യമായി. അതുകൊണ്ട് RAC സിസ്റ്റം ഉപേക്ഷിക്കാൻ റയിൽവെയുടെ ആലോചന.


രണ്ട് യാത്രക്കാർക്കായി ഒരു ബെർത്ത് വീതിച്ചു കൊടുക്കുകയും ഫുൾ ബെർത്തിന്‍റെ നിരക്ക് ഈടാക്കുകയും ചെയ്യുന്നതാണ് RAC സംവിധാനം. സൗകര്യങ്ങൾ പരിമിതപ്പെടുന്ന യാത്രക്കാരുടെ ആശങ്കകൾ പരിഗണിച്ചാണ് സീറ്റ് റിസർവേഷനിൽ പതിറ്റാണ്ടുകളായി തുടരുന്ന ഈ ക്രമീകരണം ഇനി വേണ്ടെന്ന് വെക്കാനുള്ള ആലോചന.


ബെർത്തിന്‍റെ മുഴുവൻ നിരക്ക് നൽകി സീറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഉറങ്ങാൻ വേണ്ടത്ര സൗകര്യം ലഭിക്കാതെ പോകുന്ന സാഹചര്യത്തിലാണ് പരാതികൾ. ഒരേ സീറ്റ് സ്ത്രീയും പുരുഷനും പങ്കിടേണ്ടി വരുന്ന സാഹചര്യവും സുഖകരമല്ല. ബദൽ സംവിധാനം കണ്ടെത്തി പ്രശ്നം പരിഹരിക്കുക എന്നത് ടിക്കറ്റ് പരിശോധകർക്ക് വെല്ലുവിളി ഉയർത്താറുമുണ്ട്. RAC ക്ക് സൈഡ് സീറ്റാണ് മാറ്റിവെക്കാറുള്ളത്.


യാത്രക്കാർ RAC സീറ്റിന് മുഴുവൻ നിരക്കും കൊടുക്കേണ്ടി വരുന്ന സാഹചര്യത്തിന്‍റെ യുക്തി ഒരു പാർലമെന്‍ററി സമിതി ചോദ്യം ചെയ്തിട്ടുണ്ട്. മുഴുവൻ ബെർത്തിന്‍റെ സൗകര്യം കിട്ടാത്ത യാത്രക്കാരോട് മുഴുവൻ നിരക്ക് ഈടാക്കാൻ പാടില്ലെന്നും, RAC സംവിധാനം പുനഃപ്പരിശോധിക്കണമെന്നും ആയിരുന്നു നിർദേശം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page