top of page

ഡിജിറ്റൽ തട്ടിപ്പുകാർ ചമ്മിപ്പോകും: വരുന്നു 'കിൽ സ്വിച്ച്'

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 22
  • 1 min read

ഡിജിറ്റൽ അറസ്റ്റ് പോലുള്ള ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാകുകയും, നിമിഷനേരം കൊണ്ട് തങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയായതിൽ ഞെട്ടിത്തരിച്ചു നിൽക്കുന്ന ഇരകളുടെ എണ്ണം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തിൽ 'കിൽ സ്വിച്ച്' എന്ന പുതിയ ആശയവുമായി കേന്ദ്ര സർക്കാർ. വർധിച്ചു വരുന്ന ഡിജിറ്റൽ ഭീഷണി നേരിടാൻ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് പല ശുപാർശകളും മുന്നോട്ടു വെച്ചപ്പോൾ 'കിൽ സ്വിച്ച്' എന്ന ആശയം അവതരിപ്പിച്ചത്. ബാങ്കിന്‍റെ ആപ്പിലോ യു.പി.ഐ ആപ്പിലോ ഇത്തരമൊരു എമർജൻസി ബട്ടൻ ഉൾപ്പെടുത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്.


ഡിജിറ്റൽ തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നിയാൽ ബട്ടൻ അമർത്തി ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും തൽക്ഷണം ബ്ലോക്ക് ചെയ്യാൻ കഴിയുന്ന ഉപാധിയാണ് 'കിൽ സ്വിച്ച്'. ആക്‌ടിവേറ്റ് ചെയ്താൽ, ഉപയോക്താവിന്‍റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും അടിയന്തര ഘട്ടത്തിൽ ഉടനടി മരവിപ്പിക്കാൻ കഴിയും. തട്ടിപ്പുകാർക്ക് തങ്ങൾ ഉന്നമിട്ട ഇരകളുടെ അക്കൗണ്ടുകളിലെ പണം പിൻവലിക്കാനോ, ഇടപാടുകൾ നടത്താനോ കഴിയാതെ വരും. ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകളിലൂടെ നഷ്‍ടപ്പെട്ട പണം വീണ്ടെടുക്കാൻ സഹായകമാകുന്ന സംവിധാനങ്ങളും സമിതി നിർദേശിച്ചിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page