ഡിഎംഎ ഫുട്ബോൾ ടൂർണമെന്റ് അംബേദ്കർ സ്റ്റേഡിയത്തിൽ ഒക്ടോബർ 10, 11 തീയതികളിൽ
- P N Shaji
- 19 hours ago
- 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ബാനറിൽ 2026 ഒക്ടോബർ 10, 11 തീയതികളിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വസുന്ധര എൻക്ലേവിലെ മഹാരാജ അഗ്രസെൻ കോളേജ് ആഡിറ്റോറിയത്തിൽ ആഗസ്റ്റ് 23-നു നടന്ന ഓണാഘോഷ പരിപാടികളിൽ സിനിമ സീരിയൽ താരം ടിനി ടോമാണ് ലോഗോ പ്രകാശനം ചെയ്തത്. യുവജനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഫുട്ബോൾ മത്സരത്തിൽ 8 ഡിഎംഎ ടീമുകളും ഡിഎംഎക്കു പുറമേയുള്ള 8 ടീമുകളും അണിനിരക്കും.

ജേതാക്കൾക്ക് 1 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. റണ്ണർ അപ്പിന് 50,000 രൂപയും സെക്കൻഡ് റണ്ണർ അപ്പിന് 25,000 രൂപയും ലഭിക്കും. കൂടാതെ നല്ല കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന വ്യക്തി, നല്ല ഗോൾ കീപ്പർ എന്നിവർക്ക് പ്രത്യേകം സമ്മാനങ്ങളും ഉണ്ടാവും.
മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ കൺവീനറായി 12 അംഗ കമ്മിറ്റിയും രൂപീകരിച്ചു. ജോയിന്റ് കൺവീനർമാരായി അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിയും വിനയ് നഗർ-കിദ്വായി നഗർ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പനും ടെക്നിക്കൽ വിഭാഗം സഹായികളായി വികാസ് പുരി-ഹസ്താൽ ഏരിയയിലെ ഡോ അജിത്, രോഹിത് ആർ നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തോടനുബന്ധിച്ച് വൈസ് പ്രസിഡന്റ് ശ്രീ കെ വി മണികണ്ഠൻ കൺവീനറായി ഒരു സൂവനീറും പ്രകാശനം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 9810791770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു.




Comments