കേജരിവാളിനും മകൾക്കും വധഭീഷണി; ഗുണ്ടാപ്പണം നൽകണമെന്ന് ബിഷ്‍ണോയ് ഗ്യാങ്

മുൻ മുഖ്യമന്ത്രിയും ആം ആദ്‍മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് വധഭീഷണിയുമായി ലോറൻസ് ബിഷ്‍ണോയ് ഗുണ്ടാസംഘം. ഏഴ് കോടി രൂപ ഗുണ്ടാപ്പണം നൽകണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ കേജരിവാളിനെ മാത്രമല്ല മകൾ ഹർഷിതയെയും കൊല്ലുമെന്നാണ് ഭീഷണി.
തിലക് നഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആപ് MLA ജർണെയിൽ സിങ്ങിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബിഷ്‍ണോയ് ഗുണ്ടാസംഘത്തിലെ അംഗമെന്ന് അവകാശപ്പെട്ട് ഒരാൾ നവംബർ ആറിന് ഫോണിൽ വിളിക്കുകയും വാട്ട്‍സാപ്പിൽ സന്ദേശം അയക്കുകയും ചെയ്തതിനെ തുടർന്ന് MLA മൊഹാലി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയുടെയും നിയമത്തിന്‍റെയും IT നിയമത്തിന്‍റെയും പ്രസക്തമായ വകുപ്പുകൾക്ക് കീഴിൽ പഞ്ചാബ് പൊലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തു.

കേജരിവാളിനും കുടുംബത്തിനും സുരക്ഷ കൂട്ടണമെന്നും പരാതിയിൽ MLA ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ആയിരിക്കെ 2019 ലും അദ്ദേഹത്തിന് വധഭീഷണി ലഭിച്ചിരുന്നു.




Comments