ഏഴ് പതിറ്റാണ്ടിന് ശേഷം MCD ജേണൽ വീണ്ടും
- പി. വി ജോസഫ്
- Apr 13, 2024
- 1 min read
New Delhi: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ (MCD) ഏഴ് പതിറ്റാണ്ട് മുമ്പ് പ്രസിദ്ധീകരണം നിർത്തിവെച്ച ഔദ്യോഗിക ജേണൽ വീണ്ടും പ്രസിദ്ധീകരണം തുടങ്ങി. നഗരത്തിന്‍റെ ചരിത്ര സംഭവങ്ങളിലും വളർച്ചയിലും പുരോഗതിയിലും ഊന്നൽ നൽകുന്ന ദി ടൗൺഹാൾ ജേണൽ ആണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്. കോർപ്പറേഷന്‍റെ ഹെരിറ്റേജ് സെൽ ഈ ദ്വിഭാഷാ ജേണലിന്‍റെ ആദ്യ എഡിഷൻ ചൊവ്വാഴ്ച്ച പുറത്തിറക്കി. പ്രിന്‍റ് എഡിഷനും ഓൺലൈൻ എഡിഷനും ഉണ്ട്.
ഡൽഹി മുൻസിപ്പാലിറ്റിയുടെ ആസ്ഥാന മന്ദിരമായി മുൻപ് പ്രവർത്തിച്ചിരുന്ന ചാന്ദ്‍നി ചൗക്കിലെ ടൗൺ ഹാളിന്‍റെ പേരിൽ നിന്നാണ് ജേണലിന് ഈ പേര് ലഭിച്ചത്. ഈ കെട്ടിടം 1860 ന് ശേഷം ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിലാണ് അറിയപ്പെട്ടത്. അതനുസരിച്ച് ജേണലിന്‍റെ പേരും മാറിയിരുന്നു. സ്വാതന്ത്ര്യലബ്‍ധിക്ക് ശേഷം രാജധാനി എന്ന പേരിലാണ് മുൻസിപ്പാലിറ്റി ജേണൽ പ്രസിദ്ധീകരിച്ചത്. എന്നാൽ ആ വർഷം തന്നെ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ജേണലിന്‍റെ പ്രിന്‍റ് രൂപത്തിലും ഡിജിറ്റൽ രൂപത്തിലുമുള്ള പുനഃപ്രസിദ്ധീകരണം നഗരത്തിന്‍റെ വിവിധ ചരിത്ര മുഹൂർത്തങ്ങളിലും പരിണാമ ഘട്ടങ്ങളിലും ഊന്നൽ നൽകും.

Comments