കേരളത്തിന്റെ 70-ാം സ്ഥാപകദിനാഘോഷത്തിന് നിറച്ചാർത്തേകി സംസ്കാര സാഹിതിയുടെ ഫ്യൂഷൻ നൃത്താവിഷ്കാരം

ന്യൂഡൽഹി: കേരളത്തിന്റെ 70-ാം സ്ഥാപകദിനാഘോഷങ്ങളുടെ ആദ്യദിനത്തിൽ, കെ.പി.സി.സി.യുടെ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി ഡൽഹി ഘടകം അവതരിപ്പിച്ച ഫ്യൂഷൻ നൃത്താവിഷ്കാരം ശ്രദ്ധേയമായി.
കേരളത്തിന്റെ തനതായ കലാപാരമ്പര്യവും ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ട് മോഹിനിയാട്ടം, കഥകളി, ഭരതനാട്യം എന്നീ കലാരൂപങ്ങൾ കോർത്തിണക്കിയായിരുന്നു ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചത്. ഗുരു മേഘ നായരുടെ മാർഗനിർദേശത്തിൽ നിരവധി യുവകലാകാരന്മാരും യുവകലാകാരികളും വേദിയിലെത്തി മനോഹരമായ കലാപ്രകടനം കാഴ്ചവെച്ചു. കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലൂടെ ഉയർത്തിപ്പിടിക്കുന്നതിന്റെ മികച്ച ഉദാഹരണമായി ഈ അവതരണം മാറി.

ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ നിർവഹിച്ചു. ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ശ്രീ. ജി. ദേവരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമായ അഡ്വ. സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
കേരള ഹൗസിലെ ഇൻഫർമേഷൻ ഓഫീസിന്റെയും പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും നേതൃത്വത്തിൽ ഡൽഹി, എൻ.സി.ആർ. മേഖലയിലെ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെയാണ് 70-ാം കേരളപ്പിറവി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ സാംസ്കാരിക തനിമയും മതനിരപേക്ഷ പാരമ്പര്യവും ദേശീയ തലസ്ഥാനത്ത് ഉയർത്തിപ്പിടിക്കുന്നതിൽ സംസ്കാര സാഹിതിയുടെ ഈ കലാവതരണം ശ്രദ്ധേയമായ സാന്നിധ്യമായി.




Comments