top of page

എന്താണ് ഗോൾഡാഖാന? കത്തീഡ്രൽ ചർച്ചുമായി എന്താണ് കണക്ഷൻ?

  • പി. വി ജോസഫ്
  • May 31
  • 1 min read
സേക്രട്ട് ഹാർട്ട് കത്തീഡ്രൽ
സേക്രട്ട് ഹാർട്ട് കത്തീഡ്രൽ

സെൻട്രൽ ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ ചർച്ചിനെ ഗോൾഡാഖാന ചർച്ച് എന്ന് വിളിക്കാറുണ്ട്. ഗോൾഡാഖാന എന്നു കേട്ടാൽ ചർച്ച് തന്നെയാണ് മിക്കവരുടെയും മനസ്സിൽ വരിക. എങ്ങനെ അത് പള്ളിയുമായി ചേർത്ത് പറയുന്നുവെന്നും അതിന്‍റെ അർത്ഥം എന്തെന്നും മലയാളികളിൽ പലർക്കും കൺഫ്യൂഷനാണ്. എന്നാൽ കത്തീഡ്രലുമായി യാതൊരു ബന്ധവും ആ വാക്കിനില്ല എന്നതാണ് വാസ്തവം.


ചർച്ചിന്‍റെ മുമ്പിലുള്ള ജനറൽ പോസ്റ്റ് ഓഫീസാണ് ഗോൾഡാഖാന. റൗണ്ട് ഷേപ്പിലുള്ള ബിൽഡിംഗ്. Gol = Round, Dak = Post, Khana = Office – Round Post Office. ആ ഏരിയ പിന്നീട് ഗോൾഡാഖാന എന്നറിയപ്പെട്ടു. അതിന് മുമ്പ് അവിടം അലക്‌സാൺട്ര പ്ലേസ് ആയിരുന്നു.


ബ്രിട്ടീഷുകാർ 1934 ലാണ് ജനറൽ പോസ്റ്റ് ഓഫീസ് നിർമ്മിച്ചത്. കത്തീഡ്രൽ പള്ളിയുടെ നിർമ്മാണവും ഏകദേശം അതേ സമയത്തായിരുന്നു. പോസ്റ്റ് ഓഫീസ് ബ്രിട്ടീഷുകാരുടെ പ്രധാന കമ്യൂണിക്കേഷൻ കേന്ദ്രമായതിനാൽ ഓഫീസർമാർക്കും സ്റ്റാഫിനും താമസിക്കാനുള്ള സൗകര്യവും ചേർത്ത് ബഹുനില കെട്ടിട സമുച്ചയമാണ് പ്ലാൻ ചെയ്തത്. രാജ്യത്തെ പിൻ കോഡുകളുടെ ആരംഭം അവിടെയാണ് (110 001).


എന്നാൽ വലിയൊരു കെട്ടിടസമുച്ചയം വന്നാൽ കത്തീഡ്രലിന് തലയെടുപ്പും വ്യൂവും ലഭിക്കില്ലെന്ന് മനസിലാക്കിയ ചർച്ച് ഭാരവാഹികൾ അന്നത്തെ വൈസ്രോയിയുടെ ഭാര്യ ലേഡി വില്ലിംഗ്‌ടനെ ആശങ്ക അറിയിച്ചു. അവരുടെ ഇടപെടലോടെ സമുച്ചയത്തിന്‍റെ പ്ലാൻ മാറ്റി. പള്ളിക്ക് കൂടുതൽ സ്ഥലം മാത്രമല്ല അതിന്‍റെ മുമ്പിലൂടെയുള്ള റോഡിനുള്ള സ്ഥലവും വിട്ടുകൊടുത്തു. 


ഇന്നും കത്തീഡ്രൽ തലയെടുപ്പോടെ നിലകൊള്ളുമ്പോൾ ജനറൽ പോസ്റ്റ് ഓഫീസ് എന്ന സ്ഥാപനത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. വെച്ചുപിടിപ്പിച്ച മരങ്ങൾ വളർന്നുയർന്നതോടെ കെട്ടിടത്തിന്‍റെ വ്യൂ മറഞ്ഞു. പോസ്റ്റൽ സേവനങ്ങൾക്ക് കാര്യമായ പ്രസക്തി ഇല്ലാതാവുകയും ചെയ്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page