top of page

ഉത്തരക്കടലാസുകൾ ഇനി ഡിജിറ്റലായി നോക്കും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 11
  • 1 min read

സെൻട്രൽ ബോർഡ് ഓഫ് സെക്കന്‍ററി എഡ്യുക്കേഷൻ (സി.ബി.എസ്.ഇ) 12-ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയ രീതി പരിഷ്കരിച്ചു. 2026 മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുന്ന 'ഓൺ-സ്‌ക്രീൻ മാർക്കിങ്' രീതി നടപ്പിലാക്കുകയാണ്. ഈ വർഷം ഫെബ്രുവരി 17 ന് ആരംഭിക്കുന്ന 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ഡിജിറ്റൽ രീതിയാണ് അവലംബിക്കുക. പത്താം ക്ലാസ് പരീക്ഷകളുടെ കാര്യത്തിൽ ഈ വർഷം മാറ്റം വരുത്തില്ല.


ഉത്തരക്കടലാസുകൾ നേരിട്ട് നോക്കുന്നതിന് പകരം അവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കിയാകും ഇനി അധ്യാപകർ മാർക്കിടുക. അധ്യാപകർക്ക് സ്വന്തം സ്കൂളിലിരുന്ന് തന്നെ മൂല്യനിർണ്ണയം നടത്താൻ സാധിക്കും. യാത്രാസമയവും, യാത്രാ ചെലവും, സ്കൂളിലെ സമയവും ലാഭിക്കാൻ സഹായിക്കും. പുതിയ രീതി നടപ്പാക്കാൻ സ്കൂളുകൾ ചില തയ്യാറെടുപ്പുകൾ നടത്തണമെന്ന് നിർദേശമുണ്ട്. കുറഞ്ഞത് 4 ജി.ബി റാം ഉള്ള കമ്പ്യൂട്ടറുകൾ, എട്ടിന് മുകളിലുള്ള വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം, മികച്ച ഇന്‍റർനെറ്റ് കണക്ഷൻ, മുടക്കമില്ലാത്ത വൈദ്യുതി ലഭ്യത എന്നിവ ഉറപ്പ് വരുത്തേണ്ടതുണ്ട്.

അധ്യാപകർക്ക് പുതിയ രീതി പരിചയപ്പെടുത്താൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. പരിശീലന വീഡിയോകളും പുറത്തിറക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈ റൺ നടത്തുകയും ചെയ്യുന്നതാണ്. സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടാൽ അപ്പോൾ തന്നെ അവ പരിഹരിക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page