ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 1, 2024
- 3 min read

അനിൽ ടി കെ (ചെയർമാൻ), ബി പി ഡി കേരള.
സ്വമേധയാ മൂന്ന് മാസം കൂടുമ്പോൾ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് രക്തദാനത്തിന്‍റെ പ്രസക്തി.
ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്.
രക്തദാനം എന്ന മഹത്തായ കർമ്മം ചെയ്യുന്ന ധാരാളം സുഹൃത്തുക്കളുണ്ട് ''പുതിയ പുതിയ സംഘടനകളുമുണ്ട് പക്ഷെ ഒരു വിഭാഗം ആളുകൾ ഈ സത്യത്തോട് മുഖം തിരിഞ്ഞു നടക്കുന്നു ;ഇത് ഞങ്ങളുടെ ജോലി അല്ല, ഞങ്ങൾക്ക് സമയമില്ല, ഞങ്ങളുടെ വേണ്ടപ്പെട്ടവർക്കുവേണ്ടിയല്ല പിന്നെന്തിനു ബ്ലഡ് കൊടുക്കണം ഇതൊക്കെയാണ് മറുപടി. മറ്റു ചിലർ എനിക്കു ബ്ലഡ് കൊടുക്കാൻ പേടിയാ, മടിയാ, എന്റെ വെയിറ്റ് കുറയും ഇങ്ങനെയും ചിലമറുപടികൾ ഉണ്ട്
,ഇതുവരെ രക്തദാനം ചെയ്യാത്ത കൂട്ടുകാരുണ്ടങ്കിൽ "നിങ്ങളുടെ പരിചയത്തിലുണ്ടങ്കിൽ മനസിലാക്കുക, അല്ലങ്കിൽ മനസ്സിലാക്കിക്കൊടുക്കുക !
മനുഷ്യന് മനുഷ്യൻ തന്നെ രക്തം ദാനം ചെയ്യണം ...
ത്രിപുര, തമിഴ്നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെ ദേശീയ തലത്തിലുള്ള സന്നദ്ധ രക്തദാതാക്കളായി കണക്കാക്കുന്നു. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുര, ഇന്ത്യയിലെ ഏറ്റവും ഉയർന്ന സന്നദ്ധ രക്തദാതാക്കളുള്ള (93%) സംസ്ഥാനമാണ്. മണിപ്പൂരിനെ രാജ്യത്തെ ഏറ്റവും താഴ്ന്ന സന്നദ്ധ രക്തദാതാക്കളായി കണക്കാക്കപ്പെടുന്നു.
"ഇന്ത്യയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻറെ പിതാവ്" എന്ന് അറിയപ്പെടുന്ന ഡോക്ടർ ജയ്ഗോപാൽ ജോളി നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ ഒന്നിനാണ് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നത്.
ഡോ. ജയ്ഗോപാൽ ജോളി (ജനനം 1 ഒക്ടോബർ 1926 - മരണം 5 ഒക്ടോബർ 2013) ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം പ്രൊഫസറായിരുന്നു.
ഇന്ത്യയിലെ പ്രൊഫഷണൽ രക്തദാതാക്കളിൽ നിന്ന് രക്തം വിൽക്കുന്നതും വാങ്ങുന്നതും നിരോധിക്കുന്നതിനുള്ള പ്രചാരണത്തിന് അദ്ദേഹം നേതൃത്വം നൽകി. ഇത് പിന്നീട് ഇന്ത്യൻ സർക്കാർ ദേശീയ രക്തനയത്തിൽ ഉൾപ്പെടുത്തി. കൂടാതെ അദ്ദേഹം ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മേഖലയിൽ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന വിദഗ്ദനായിരുന്നു.
18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്‍മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു
പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉല്‍പ്പാദിപ്പിക്കും. അതിനാല്‍ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍ കൃത്യമായ രക്ത പരിശോധനകള്‍ക്കു ശേഷം മാത്രമേ രക്തം ദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂ.
റോഡപകടമോ മറ്റ് അപകടങ്ങളോ നടന്ന് ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് ചേരുന്ന രക്തം ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്, പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു. സന്നദ്ധ രക്തദാനം വഴി ശേഖരിക്കുന്ന രക്തം ആവശ്യമുള്ളയാള്‍ക്ക് നല്‍കാം. ഇതിനായി രക്തബാങ്കുകളും രൂപീകരിച്ചിരിക്കുന്നു.
എന്നാല്‍ രക്ത ബാങ്കുകളില്‍ എല്ലാ തരത്തിലും പെട്ട രക്തം ലഭിക്കണമെങ്കില്‍ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്‌കൂളുകളിലും മറ്റും ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ സന്നദ്ധരക്തദാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനുള്ള ക്ലാസുകശും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ആശുപ്ത്രികള്‍ക്കും വിവിധ സംഘടനകള്‍ക്കും രക്ത ദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വോളണ്ടറിബ്ലഡ് ഡോണര്‍ ഫോറങ്ങള്‍ ഉണ്ട്.
ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ലക്ഷ്യം
* സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജ്യമെമ്പാടുമുള്ള ജനങ്ങളെ ബോധവൽക്കരിക്കുക.
* നിർദ്ധനരായ രോഗികളുടെ അടിയന്തിര ആവശ്യം നിറവേറ്റുന്നതിന് സന്നദ്ധ രക്തദാനം എന്ന ലക്ഷ്യം വിജയകരമായി നടപ്പിലാക്കുക.
* അടിയന്തരവും ഗൗരവമേറിയതുമായ ഏതൊരു ആവശ്യത്തിനുമായും രക്തബാങ്കുകളിൽ രക്തം സംഭരിച്ചു വയ്ക്കുക.
* ആരോഗ്യമുള്ള വ്യക്തിയായിട്ട് പോലും രക്തദാനം ചെയ്യാൻ താൽപ്പര്യമില്ലാത്ത ആളുകളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കികയും ചെയ്യുക.
* ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ മാത്രം രക്തം നൽകാൻ താൽപ്പര്യമുള്ള ആളുകളെ സ്വമേധയാ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുക.
രക്തദാതാവിന് വേണ്ടുന്ന criteria
രക്തദാതാക്കളുടെ പ്രായം 18-60 വയസ്സിനുമിടയിലായിരിക്കണം, ഭാരം 53 കിലോഗ്രാം അല്ലെങ്കിൽ അതിനു മുകളിലായിരിക്കണം, പൾസ് നിരക്ക് 60 മുതൽ 100/ മിനിറ്റ്, നോർമൽ ബിപി , എച്ച്ബി 12.5 ഗ്രാം/100 മില്ലി, ശരീര താപനില 37.5 ഡിഗ്രി സെന്റിഗ്രേഡിൽ കൂടരുത് എന്നിങ്ങനെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 അനുസരിച്ച് രക്തദാതാക്കൾക്ക് വിവിധ മാനദണ്ഡങ്ങളുണ്ട്.
നിങ്ങൾക്ക് ചെയ്യാവുന്നത്
👉 അടുത്തുള്ള രക്ത ബാങ്കുകളിൽ 3 മാസം കൂടുമ്പോൾ രക്തദാനം ചെയ്യുക.
👉 അടുത്തുള്ള ഏതെങ്കിലും സന്നദ്ധ രക്തദാന സേനയിൽ അംഗമാകുക.
👉 റെയർ ഗ്രൂപ്പുള്ള സുഹൃത്തുക്കളെ ഐഡൻഡി ഫൈ ചെയ്ത് വയ്ക്കുക
👉 രക്തം ആവശ്യമായി വരുന്ന പോസ്റ്റുകൾ കാണുമ്പോൾ ( ഡേറ്റും യൂണിറ്റും മറ്റും ഉൾപ്പെടുത്തിയിട്ടുള്ളവ മാത്രം ) മറ്റ് ഗ്രൂപ്പുകളിലെക്ക് ഫോർവാഡ് ചെയ്യുക
💖രക്തദാനം നിർവ്വഹിക്കുന്നതിൻ്റെ പ്രയോജനം
രക്ത ദാനം ചെയ്യുമ്പോള്‍ ദാതാവിന്‍റെ ശരീരത്തില്‍ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. മാത്രവുമല്ല ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉന്മേഷവും നല്‍കുന്നു. അതിനാല്‍ തന്നെ രക്തദാനം യാതൊരു ദോഷഫലവുമുണ്ടാക്കുന്നില്ല.
❣️രക്തം ദാനം ചെയ്യൂ..
നിങ്ങളുടെ ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം..!!










Comments