top of page

IAS കാരിയും IPS കാരിയും തമ്മിൽ കലഹം; മധ്യസ്ഥതക്ക് കുര്യൻ ജോസഫ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 13
  • 1 min read

സിവിൽ ഉദ്യോഗസ്ഥരായ രണ്ട് വനിതകൾ തമ്മിലുള്ള നിയമപ്പോരിന് അറുതി വരുത്താൻ ജസ്റ്റിസ് കുര്യൻ ജോസഫിനെ മധ്യസ്ഥനായി സുപ്രീംകോടതി നിയമിച്ചു. IAS കാരിയായ രോഹിണി സിന്ദൂരിയും IPS കാരിയായ രൂപ ദിവാകർ മൗദ്‍ഗിലും തമ്മിലാണ് കേസ്. ഇരുവർക്കും കർണാടകയിലാണ് സർവ്വീസ്. 2023 ൽ തുടങ്ങിയ നിയമ കലഹം നീണ്ടു പോകുന്നത് ഇരുവരുടെയും കരിയറിനെ ദോഷകരമായി ബാധിക്കുമെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മയും സഞ്ജീവ് സച്‍ദേവയും അടങ്ങുന്ന ബെഞ്ചാണ് മധ്യസ്ഥതയാണ് നല്ലതെന്ന് തീരുമാനിച്ചത്.


IPS ഓഫീസറായ രൂപ മൗദ്‍ഗിൽ ഫേസ്‍ബുക്ക് പോസ്റ്റുകളിലൂടെ നടത്തിയ ആരോപണങ്ങളാണ് IAS ഓഫീസറായ രോഹിണി സിന്ദൂരിയെ ചൊടിപ്പിച്ചത്. സിന്ദൂരിക്ക് ജലഹള്ളിയിൽ ഒരു ബംഗ്ലാവ് ഉണ്ടെന്നും, സർവ്വീസ് റിക്കാർഡിൽ അക്കാര്യം വെളിപ്പെടുത്താതെ മറച്ചു വെച്ചിരിക്കുകയാണെന്നുമാണ് ആരോപിച്ചത്. അതിനെതിരെ സിന്ദൂരി നടത്തുന്ന മാനനഷ്‍ട കേസാണ് വിചാരണ കോടതിയും ഹൈകോടതിയും കയറിയിറങ്ങി സുപ്രീം കോടതിയിൽ എത്തിയത്. സ്വഭാവഹത്യ നടത്തിയതിന് IPS കാരി പരസ്യമായി നിരുപാധികം മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്‍ടപരിഹാരം നൽകണമെന്നുമാണ് IAS കാരിയുടെ ഡിമാന്‍റ്.


കോടതികൾക്ക് പരിഹരിക്കാനാകാതെ നീണ്ടുപോകുന്ന കേസ് ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ മധ്യസ്ഥ ശ്രമത്തിൽ രമ്യമായി തീർപ്പാക്കാൻ കഴിയുമെന്ന വിശ്വാസമാണ് സുപ്രീംകോടതിക്കുള്ളത്. അതുവരെ, ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ കേസിലെ കോടതി നടപടികൾ സ്റ്റേ ചെയ്തിരിക്കുയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page