top of page

സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ സ്ഥാനപ്പേര്, സർക്കാർ മേഖലയിലെ നഴ്‌സുമാരുടേതിന് തുല്യമാക്കണം: ആന്‍റോ ആന്‍റണി എം.പി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 7, 2024
  • 1 min read


ree

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ ആശുപത്രികളിലെ നേഴ്സുമാർക്ക് കിട്ടിവരുന്ന അതേ ബഹുമാനവും, അംഗീകാരവും നിലവാരവും അവരുടെ തൊഴിലിടങ്ങളിൽ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് കേന്ദ്ര സർക്കാരിനോട് ആന്റോ ആന്റണി എം. പി ആവശ്യപ്പെട്ടു.


ലോക് സഭയിൽ ശൂന്യവേളയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും, നഴ്‌സുമാർക്ക് അർഹമായ അന്തസ്സും, അംഗീകാരവും നൽകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.


സർക്കാരിലും, സ്വകാര്യമേഖലയിലും നഴ്‌സിങ് ജീവനക്കാർക്കായി സ്റ്റാൻഡേർഡ് നാമകരണം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്‌സസ് അസോസിയേഷൻ (ഐ.പി.എൻ.എ) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോട് ആവിശ്യപ്പെട്ടതനുസരിച്ച്, 2016 സെപ്തംബർ 9 -ന് കേന്ദ്ര ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രാലയം ഇറക്കിയ ഉത്തരവ് പ്രകാരം കേന്ദ്ര സർക്കാരിൽ ജോലി ചെയ്യുന്ന നഴ്സിംഗ് ജീവനക്കാർക്ക് നഴ്സിംഗ് ഓഫീസർ എന്ന നാമകരണം ലഭിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, മറ്റ് സംസ്ഥാന സർക്കാറുകളും സർക്കാർ മേഖലയിൽ ഉത്തരവ് നടപ്പാക്കിയിട്ടുണ്ട്. പക്ഷേ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സിംഗ് ജീവനക്കാർക്ക് ഇന്നും ഈ ഉത്തരവ് പ്രകാരമുള്ള ബഹുമാനവും, അംഗീകാരവും അന്യമായി നില്ക്കുന്നു. സ്വകാര്യ മേഖലയിലും ഈ ഉത്തരവ് നടപ്പിലാക്കണം.


സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരും നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ ആണിക്കല്ലാണ്, പ്രത്യേകിച്ചും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാജ്യത്തെ സേവിക്കുന്നതിൽ അചഞ്ചലമായ പ്രതിബദ്ധത അവർ പ്രകടിപ്പിക്കുന്നു. എന്നിരുന്നാലും, സർക്കാർ സ്ഥാപനങ്ങളിലെ നഴ്സിംഗ് ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ വിവേചനവും, അംഗീകാരമില്ലായ്മയും നേരിടുന്നു. ഈ അസമത്വം അന്യായം എന്ന്‌ മാത്രമല്ല, നമ്മുടെ ആരോഗ്യ മേഖലയിലെ അവരുടെ അമൂല്യമായ സംഭാവനകളെ തുരങ്കം വയ്ക്കുകയും ചെയ്യുന്നതാണ്- അദ്ദേഹം പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page