top of page

ഓരോ പെൺകുട്ടിക്കും പ്രതീക്ഷയുടെ ഒരു ദീപശിഖ

ന്യൂസ് ബ്യൂറോ , ഡൽഹി
2 hours ago
3 min read

ബാല, നേരത്തെയുള്ള, നിർബന്ധിത വിവാഹങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പ്രഥമ അന്താരാഷ്ട്ര ദിനം ഇന്ത്യ ആചരിക്കുന്നു


ഡൽഹിയിൽ മെഴുകുതിരി റാലി, വിജ്ഞാൻ ഭവനിൽ ദേശീയ പരിപാടി, NDTV ടെലിത്തോൺ, മതാന്തര സംവാദം എന്നിവയോടെ ചരിത്രപരമായ ദിനാചരണം. ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ നടത്തിയ ആഗോള ആഹ്വാനത്തെത്തുടർന്നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനം പ്രഖ്യാപിച്ചത്.


ന്യൂഡൽഹി, 2026 നവംബർ 27:


ബാലവിവാഹം, നേരത്തെയുള്ള വിവാഹം, നിർബന്ധിത വിവാഹം എന്നിവ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ലോകം ഇന്ന് ആദ്യമായി ആചരിക്കുന്നു. 2026 സെപ്റ്റംബർ 4-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച പ്രമേയത്തിലൂടെയാണ് ഈ ദിനം സ്ഥാപിതമായത്. ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ (Just Rights for Children – JRC) നടത്തിയ ആഗോള ആഹ്വാനത്തെ തുടർന്നായിരുന്നു ഈ ചരിത്രപരമായ തീരുമാനം.


ഇന്ത്യയിൽ ഭരണഘടനാ ദിനമായ നവംബർ 26-ന് ഡൽഹിയിൽ നടന്ന മെഴുകുതിരി റാലിയോടെയാണ് ദിനാചരണ പരിപാടികൾക്ക് തുടക്കമായത്.


ഓരോ കുട്ടിയുടെയും പേരിൽ ഒരു ദീപം


നവംബർ 26-ന് കേന്ദ്ര വനിതാ-ശിശുവികസന സഹമന്ത്രി ശ്രീമതി സാവിത്രി താക്കൂർ വസന്ത് വിഹാറിലെ കുസുംപൂർ പഹാരിയിൽ ദീപശിഖ ഏറ്റുവാങ്ങി ആദ്യ തിരി തെളിയിച്ചു. ആ ജ്വാലയിൽനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ കുട്ടിയുടെയും പേരിൽ ദീപങ്ങൾ തെളിയിച്ചു.


ബാലവിവാഹത്തിന്റെ ബന്ധനങ്ങളിൽനിന്ന് മോചിതരായ ഏകദേശം 2,000 സ്ത്രീകളും കുട്ടികളും യുവതികളും മന്ത്രിയോടൊപ്പം റാലിയിൽ പങ്കെടുത്തു. ഓരോരുത്തരും കൈകളിൽ ദീപമേന്തിയാണ് അണിനിരന്നത്.


ബാലവിവാഹത്തിൽ പങ്കാളികളാകില്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും എവിടെയെങ്കിലും ബാലവിവാഹം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുമെന്നും അവർ പ്രതിജ്ഞയെടുത്തു.


ഓരോ കുട്ടിക്കും അന്തസ്സോടെയും വിദ്യാഭ്യാസത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയെ അനുസ്മരിക്കുന്ന ദിനത്തിലും പ്രഥമ അന്താരാഷ്ട്ര ദിനത്തിന്റെ തലേന്നുമാണ് ഈ റാലി സംഘടിപ്പിച്ചത്.


ഐക്യരാഷ്ട്രസഭയുടെ ചരിത്രപരമായ തീരുമാനം


ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഐകകണ്ഠ്യേനയാണ് ഈ പ്രമേയം അംഗീകരിച്ചത്. എല്ലാ വർഷവും നവംബർ 27 ബാലവിവാഹം, നേരത്തെയുള്ള വിവാഹം, നിർബന്ധിത വിവാഹം എന്നിവ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാനാണ് പ്രമേയം പ്രഖ്യാപിക്കുന്നത്.


സിയറ ലിയോൺ നേതൃത്വം നൽകിയ ഈ പ്രമേയത്തിന് ഇന്ത്യ ഉൾപ്പെടെ 84 രാജ്യങ്ങൾ സഹരചയിതാക്കളായി പിന്തുണ നൽകി.


ഇന്ത്യയെ സംബന്ധിച്ചിടത്തോളം നവംബർ 27 എന്ന തീയതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. 2024 നവംബർ 27-നാണ് ഭാരത സർക്കാർ 'ബാൽ വിവാഹ് മുക്ത് ഭാരത്' (ബാലവിവാഹ മുക്ത ഭാരതം) ദേശീയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്.


ബാലവിവാഹത്തിനെതിരായ പോരാട്ടത്തിൽ പ്രതീക്ഷ നൽകുന്ന കണക്കുകൾ


ദേശീയ കുടുംബാരോഗ്യ സർവേയുടെ (NFHS) കണക്കുകൾ ഇന്ത്യയിൽ പുരോഗതി സാധ്യമാണെന്ന് വ്യക്തമാക്കുന്നു.


2005–06 കാലഘട്ടത്തിൽ ഇന്ത്യയിലെ 18 വയസ്സിന് മുമ്പ് വിവാഹിതരായ യുവതികളുടെ അനുപാതം 47.4 ശതമാനമായിരുന്നു. 2023–24-ലെ NFHS-6 കണക്കുകൾ പ്രകാരം ഇത് 20.1 ശതമാനമായി കുറഞ്ഞു.


2022 മുതൽ ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ സഖ്യം വിവിധ പങ്കാളി സംഘടനകളുമായി ചേർന്ന് 2030-ഓടെ ബാലവിവാഹം നിർണായകമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായ പ്രചാരണം നടത്തിവരുന്നു.


2025 ജനുവരി 1 മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിൽ 6.6 ലക്ഷത്തിലധികം ബാലവിവാഹങ്ങൾ തടയാനോ നിർത്തിവെക്കാനോ കഴിഞ്ഞതായി JRC റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ 25 കോടിയിലധികം ആളുകൾ ബാലവിവാഹത്തിനെതിരായ പൊതുപ്രതിജ്ഞയിൽ പങ്കാളികളായിട്ടുണ്ട്.


2030-ഓടെ ബാലവിവാഹമുക്ത ഇന്ത്യ എന്ന ലക്ഷ്യം ഇനി വെറുമൊരു സ്വപ്നമല്ല; വ്യക്തമായ പ്രവർത്തനപഥമുള്ള ഒരു ദൗത്യമാണ്.


പ്രധാന പരിപാടികൾ


പ്രഥമ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ സംഘടിപ്പിക്കുന്ന പ്രധാന പരിപാടികൾ:


1. മെഴുകുതിരി റാലി


- തീയതി: 2026 നവംബർ 26

- വേദി: കുസുംപൂർ പഹാരി സമുദായ കേന്ദ്രം, വസന്ത് വിഹാർ, ന്യൂഡൽഹി.

- ഭരണഘടനാ ദിനത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചത്. കേന്ദ്ര വനിതാ-ശിശുവികസന സഹമന്ത്രി ശ്രീമതി സാവിത്രി താക്കൂർ നേതൃത്വം നൽകി.


2. ദേശീയ പരിപാടി


- തീയതി: 2026 നവംബർ 27

- സമയം: ഉച്ചകഴിഞ്ഞ് 3 മണി

- വേദി: വിജ്ഞാൻ ഭവൻ, സെൻട്രൽ സെക്രട്ടേറിയറ്റ്, ന്യൂഡൽഹി.

- ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച ചരിത്രപരമായ പ്രമേയത്തിന്റെ പ്രാധാന്യം ആഘോഷിക്കുന്ന പരിപാടിയിൽ കേന്ദ്ര വനിതാ-ശിശുവികസന സഹമന്ത്രി ശ്രീമതി സാവിത്രി താക്കൂറും ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്തയും പങ്കെടുക്കും.


3. NDTV Programme


- തീയതി: 2026 നവംബർ 27

- സമയം: വൈകുന്നേരം 5 മുതൽ 7 വരെ

- വേദി: റെയിൽ മ്യൂസിയം ഓഡിറ്റോറിയം, ചന്ദ്രഗുപ്ത മാർഗ്, ശാന്തി പഥ്, ചാണക്യപുരി, ന്യൂഡൽഹി.

- പരിപാടിക്കുശേഷം ഹൈ ടീ ഉണ്ടായിരിക്കും.


4. ബാലവിവാഹമുക്ത ഭാരതത്തിനായുള്ള മതാന്തര സംവാദം


- തീയതി: 2026 ഡിസംബർ 15

- വേദി: കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യ, റാഫി മാർഗ്, ന്യൂഡൽഹി.

- വിവിധ മതവിഭാഗങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന സംവാദത്തിൽ വിവാഹം, വിവാഹപ്രായം, സമ്മതം എന്നിവയെക്കുറിച്ചുള്ള മതപാരമ്പര്യങ്ങളുടെ കാഴ്ചപ്പാടുകളും ബാലവിവാഹം അവസാനിപ്പിക്കുന്നതിൽ മതനേതാക്കൾക്ക് വഹിക്കാവുന്ന പങ്കും ചർച്ച ചെയ്യും. ഓരോ പ്രതിനിധിയും ബാലവിവാഹത്തിനെതിരായ പ്രതിജ്ഞയെടുക്കുന്നതോടെ പരിപാടി സമാപിക്കും.


ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രനെക്കുറിച്ച്


ഇന്ത്യ, നേപ്പാൾ, കെനിയ, അമേരിക്ക എന്നീ രാജ്യങ്ങളിലായി 250-ലധികം സംഘടനകളുടെ കൂട്ടായ്മയാണ് ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ (JRC).


കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, പ്രത്യേകിച്ച് കുട്ടികൾക്കെതിരായ ബലാത്സംഗം, ലൈംഗിക ചൂഷണം എന്നിവ തടയുന്നതിനായി ഈ ശൃംഖല പ്രവർത്തിക്കുന്നു.


നിയമപരമായ ഇടപെടലുകളിലൂടെയും സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിലൂടെയും കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുക, ഇരകളായ കുട്ടികളെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക, കുറ്റവാളികൾ നിയമത്തിനു മുന്നിൽ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.


ബാലവിവാഹമുക്ത ഇന്ത്യ (Child Marriage Free India) ക്യാമ്പയിനും ബാലവിവാഹമുക്ത ലോകം (Child Marriage Free World) എന്ന ആഗോള സംരംഭവും JRC നടപ്പിലാക്കിവരുന്നു.


ഓരോ കുട്ടിക്കും സുരക്ഷിതമായ ബാല്യം ലഭിക്കണം. ഓരോ പെൺകുട്ടിക്കും വിദ്യാഭ്യാസവും സ്വാതന്ത്ര്യവും അന്തസ്സും സ്വപ്നം കാണാനുള്ള അവകാശവും ഉറപ്പാക്കണം. ബാലവിവാഹമുക്ത ഇന്ത്യയും ബാലവിവാഹമുക്ത ലോകവും യാഥാർഥ്യമാക്കാൻ നമുക്ക് കൈകോർക്കാം.


സെന്റർ ഫോർ ലീഗൽ ആക്ഷൻ ആൻഡ് ബിഹേവിയറൽ ചേഞ്ച് (C-LAB)


അഡ്വ. ഡോ. കെ. സി. ജോർജ്, ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രന്റെ (Just Rights for Children – JRC) തന്ത്രപ്രധാന പങ്കാളിയായ ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ലീഗൽ ആക്ഷൻ ആൻഡ് ബിഹേവിയറൽ ചേഞ്ചിന്റെ (C-LAB) ദേശീയ കോർഡിനേറ്ററാണ്.


ബാലവിവാഹമുക്ത ലോകം എന്ന ആഗോള ലക്ഷ്യത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളിലെ നേതാക്കളുമായി സഹകരിച്ച് മതാന്തര സംവാദങ്ങൾ ഏകോപിപ്പിക്കുക, പരിശീലന-ശേഷിവികസന പരിപാടികൾ സംഘടിപ്പിക്കുക, ബാലവിവാഹത്തിനെതിരായ സാമൂഹിക അവബോധവും പെരുമാറ്റമാറ്റവും പ്രോത്സാഹിപ്പിക്കുക എന്നിവയിൽ C-LAB നിർണായക പങ്കുവഹിക്കുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page