"സാന്‍റാ സാങ്കൽപ്പികം"; കുഞ്ഞുങ്ങൾ വിതുമ്പി; ഫാദർ മാപ്പ് പറഞ്ഞു
- പി. വി ജോസഫ്
- Dec 16, 2024
- 1 min read

ക്രിസ്‍മസ് പപ്പ സാങ്കൽപ്പികം മാത്രമാണെന്ന് വേദപാഠ ക്ലാസ്സിൽ പറഞ്ഞ വികാരിയച്ചന് മാപ്പ് പറഞ്ഞ് തടിതപ്പേണ്ടി വന്നു. ഇംഗ്ലണ്ടിലെ ഹാംപ്‍ഷെയറിലാണ് സംഭവം. ലീ-ഓൺ-ദി-സോളന്‍റ് ജൂനിയർ സ്‍കൂളിൽ കാറ്റിക്കിസത്തിന് ജൂനിയർ ക്ലാസ്സിൽ പഠിക്കുന്ന പത്തും പതിനൊന്നും വയസ്സുള്ള കുട്ടികൾക്ക് ബൈബിൾ കഥകൾ പറഞ്ഞു കൊടുക്കുകയായിരുന്നു റവ.ഡോ. പോൾ ചംബർലെയിൻ. സാന്‍റാ ക്ലോസിനെക്കുറിച്ച് പറഞ്ഞപ്പോൾ സാന്‍റ വെറും കെട്ടുകഥയാണെന്ന് അദ്ദേഹം പറഞ്ഞുപോയി. കുഞ്ഞുങ്ങളുടെ മനസ്സ് തകർന്നു. പലർക്കും അത് താങ്ങാനായില്ല. അവർ വിതുമ്പി കരയാൻ തുടങ്ങി. അച്ചൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
ഇടവകയും രൂപതയും ചർച്ച ചെയ്ത വിഷയമായി അത് മാറി. കേട്ടവരെല്ലാം വികാരിയച്ചനെ കുറ്റപ്പെടുത്തി. ഈ ഫാദർ ഇനി കുഞ്ഞുങ്ങളുടെ മുമ്പിൽ വരരുതെന്നും കുഞ്ഞുങ്ങൾ അദ്ദേഹത്തെ കാണാൻ പോലും ഇഷ്‍ടപ്പെടുന്നില്ലെന്നും ചില മാതാപിതാക്കൾ പറഞ്ഞു.
കുഞ്ഞുങ്ങളോടും മാതാപിതാക്കളോടും സ്‍കൂൾ മാനേജ്‍മെന്‍റിനോടും ഫാദർ നിർവ്യാജം മാപ്പ് പറഞ്ഞു. വികാരിയച്ചന് തെറ്റുപറ്റിയതാണെന്ന് പോർട്ട്‍സ്‍മൗത്ത് ആംഗ്ലിക്കൻ രൂപത പ്രസ്താവനയും ഇറക്കി.












Comments