ഷെൽട്ടർ ഹോമിലെ പീഡനം, മുൻ സൂപ്രണ്ടിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 13
- 1 min read

ഷെൽട്ടർ ഹോമിലെ പീഡനം, മുൻ സൂപ്രണ്ടിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു ദില്ലി സാക്കേത് കോടതി : 9 വർഷത്തെ വിചാരണയ്ക്ക് ഒടുവിൽ ഇരകൾക്ക് നീതി ലഭിച്ചതിൽ ചാരിതാർത്ഥ്യം എന്ന് പബ്ലിക് പ്രോസിക്യൂട്ടർ.
ന്യൂഡൽഹി: ദില്ലി സർക്കാരിന്റെ ഷെൽട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തുടർച്ചയായ ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കി എന്ന കേസിൽ ദില്ലി സെഷൻസ് കോടതി, ഷെൽട്ടർ ഹോമിന്റെ മുൻ സൂപ്രണ്ടിനെ ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് അനു അഗർവാൾ ആണ് നിർണായകമായ ഈ വിധിപ്രസ്താവം നടത്തിയത്. ജീവപര്യന്തം കഠിന തടവിന് പുറമെ പീഡനത്തിനിരയായ പെൺകുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി 8 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
കുട്ടികൾക്ക് നേരെ ക്രൂരമായ ലൈംഗികപീഡനങ്ങൾ, അതും അവരെ സംരക്ഷിക്കാൻ സർക്കാർ വിശ്വസിച്ചേൽപ്പിച്ച ആളുകളുടെ ഭാഗത്തു തന്നെ ഉണ്ടാവുന്നത് ഏറെ ദൗർഭാഗ്യകരമാണ് എന്ന് കോടതി നിരീക്ഷിച്ചു. സംരക്ഷകൻ തന്നെ വേട്ടക്കാരൻ ആവുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പോക്സോ നിയമത്തിലെ വകുപ്പുകൾ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ പീഡനം അടക്കമുള്ള നിരവധി ക്രിമിനൽ ചട്ടങ്ങൾ ചേർത്താണ് പ്രതിയെ കോടതി വിചാരണ ചെയ്തത്.
പീഡനത്തിനിരയാക്കപ്പെട്ട പെൺകുട്ടികൾ എല്ലാം തന്നെ പത്തുവയസ്സിനു താഴെയുള്ളവരായിരുന്നു എന്ന് ഇരകൾക്ക് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്ത് വേണുഗോപാൽ വാദിച്ചു. ഷെൽട്ടർ ഹോമിന്റെ സൂപ്രണ്ട് ആയ പ്രതി വഹിച്ചിരുന്ന സ്ഥാനം ഒരു പിതാവിന്റെ സ്ഥാനം ആയിരുന്നു. എന്നാൽ തന്റെ അധികാരം ഉപയോഗിച്ച് പ്രതി അന്തേവാസികളായ പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. പ്രതിയുടെ പ്രവർത്തി ഇരകളിലുണ്ടാക്കിയ മാനസിക ശാരീരിക ആഘാതം കണക്കിലെടുത്താൽ പ്രതി യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല എന്നും പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.
2016 ജൂൺ 2ന് ആണ് കേസിന് ആസ്പദമായ സംഭവം. പീഡനത്തിനിരയായ അന്തേവാസികളായ പെൺകുട്ടികൾ വെൽഫയർ ഓഫീസർക്ക് പരാതി നൽകുകയും അന്നത്തെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി ലജ്പത് നഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണ വിധേയമായി പ്രതിയെ 2016ൽ സൂപ്രണ്ട് പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 9 വർഷങ്ങളുടെ വിചാരണയ്ക്ക് ഒടുവിൽ ഇരകൾക്ക് നീതി ലഭിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.










Comments