ശരണകീർത്തനങ്ങളുടെ രണ്ട് നാൾ; ദ്വാരകയിൽ 25-ാമത് അയ്യപ്പപൂജ

ദ്വാരക മലയാളി അസോസിയേഷന്‍റെ 25-ാമത് അയ്യപ്പപൂജ രണ്ട് ദിവസത്തെ പരിപാടികളോടെ ആഘോഷമാക്കാൻ സംഘാടകർ. നവംബർ 21, 22 തീയതികളിൽ ശനി, ഞായർ ദിവസങ്ങളിലായാണ് പൂജാപരിപാടികൾ നടക്കുകയെന്ന് സംഘാടക സമിതി കൺവീനർ പി.ജി ഗോപിനാഥൻ അറിയിച്ചു. ചുരുക്കം ചിലർ മാത്രം ഒത്തുകൂടി 2002 ൽ കലിയുഗവരദൻ അയ്യപ്പന്‍റെ തൃപ്പാദത്തിങ്കൽ അർപ്പിച്ച പ്രാർത്ഥനയാണ് 25 വർഷങ്ങൾ കൊണ്ട് ദ്വാരകയിലെ നൂറുകണക്കിന് ഭക്തജനങ്ങൾക്ക് ശരണമന്ത്രങ്ങളുമായി സംഗമിക്കാനുള്ള വലിയ കൂട്ടായ്‌മയായി വളർന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.
നവംബർ 21 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സെക്‌ടർ 14 ലെ രാധികാ അപ്പാർട്ട്‍മെന്‍റ് വളപ്പിലുള്ള ഡിഡിഎ പാർക്കിൽ പഞ്ചാരി മേളത്തോടെ പൂജാപരിപാടികൾക്ക് സമാരംഭം കുറിക്കും. ദീപാരാധനക്ക് ശേഷം ദ്വാരകാധീശ് ബാലഗോകുലത്തിന്‍റെ ഭജനയും, തുടർന്ന് ദീപാരാധനയും പ്രസാദം വിതരണവും. നവംബർ 22 ഞായറാഴ്ച പുലർച്ചെ 5.30 ന് ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിക്കും. ശ്രീകൃഷ്ണ ഭജനയുടെ നാമാർച്ചനയും NSS ഡൽഹിയുടെ ഭക്തിഗാനസുധയും പൂജാവേദിയെ ഭക്തിനിർഭരമാക്കും. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെയുള്ള ശോഭായാത്ര സെക്‌ടർ 14 ഓം അപ്പാർട്ട്‍മെന്‍റിലെ റാം മന്ദിറിൽ നിന്ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കും.
ജൂബിലി വർഷത്തിലെ സാംസ്ക്കാരിക പരിപാടികളുടെ ഹൈലൈറ്റ് നരകാസുരവധം കഥകളിയാണ്. ന്യൂഡൽഹി അന്താരാഷ്‍ട്ര കഥകളി കേന്ദ്രം ഡൽഹിയിൽ ആദ്യമായി അവതരിപ്പിക്കുന്ന കഥകളി ഞായറാഴ്ച വൈകിട്ട് 7 മുതൽ 9.45 വരെ.




Comments