വേൾഡ് മലയാളി കൗൺസിൽ 'ആർദ്രം 2026' ഫെബ്രുവരി 25-ന്; 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും
- ന്യൂസ് ബ്യൂറോ , ഡൽഹി
- 11 hours ago
- 1 min read

വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാംസ്കാരിക കൂട്ടായ്മയ്ക്കും ഊന്നൽ നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന 'ആർദ്രം 2026' ഗ്ലോബൽ സമ്മേളനം ഫെബ്രുവരി 25 ബുധനാഴ്ച തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് നടക്കുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായർ അറിയിച്ചു. ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാരുണ്യയാത്രയുടെ ഭാഗമായി 25 നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതാണ്.
കേരള നിയമസഭാ സ്പീക്കർ ബഹു. ശ്രീ. എ. എൻ. ഷംസീർ ചടങ്ങിൽ മുഖ്യാതിഥിയാകും. സാംസ്കാരിക, സിനിമാ, വ്യവസായ, പൊതുപ്രവർത്തന രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സാന്നിധ്യമറിയിക്കും.
ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ മീറ്റിംഗ്
ആരോഗ്യരംഗത്തെ മികവിനുള്ള 'ഹെൽത്ത്കെയർ എക്സലൻസ് അവാർഡുകൾ'. വിമൻസ് ഫോറം നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം
സാംസ്കാരിക പരിപാടികൾ : കൂട്ടായ്മയുടെയും ആരോഗ്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ടുള്ള വാക്കത്തോൺ. ഡിന്നർ, ഫെല്ലോഷിപ്പ് & നെറ്റ്‌വർക്കിംഗ്
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികളായ തോമസ് മൊട്ടയ്ക്കൽ (ചെയർമാൻ), ഡോ. ബാബു സ്റ്റീഫൻ (പ്രസിഡൻ്റ്), ഷാജി മാത്യു (ജനറൽ സെക്രട്ടറി), സണ്ണി ജി. വലിയത്ത് (ട്രഷറർ), ജെയിംസ് കൂടൽ (വൈസ് പ്രസിഡൻ്റ് - അഡ്മിൻ), ടി. പി. വിജയൻ (അഡ്വൈസറി ബോർഡ് ചെയർമാൻ), ട്രാവൻകൂർ പ്രൊവിൻസ് ഭാരവാഹികളായ സ്റ്റാൻലി ഫ്രാൻസിസ് (ചെയർമാൻ), ആർ. വിജയൻ (പ്രസിഡൻ്റ്), അജിത്ത് ചന്ദ്രൻ (സെക്രട്ടറി), കെ. വിജയൻ അക്കരത്ത് (ട്രഷറർ) എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുവെന്ന് ദിനേശ് നായർ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും നേട്ടങ്ങളുടെയും ആഘോഷമായ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അതത് പ്രൊവിൻസുകൾ വഴി രജിസ്റ്റർ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.









Comments