വിസിയുടെ സസ്പെൻഷൻ: ഗവർണർ നട്ടെല്ലുള്ളൊരു വ്യക്തിയെന്ന് സിദ്ധാർഥൻ്റെ പിതാവ്; ഡീനിനെയടക്കം മാറ്റിനിർത്തണമെന്ന് ആവശ്യം
- VIJOY SHAL
- Mar 2, 2024
- 1 min read
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ഡോ. എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത നടപടി തൃപ്തികരമെന്ന് സിദ്ധാർഥിൻ്റെ പിതാവ് ടി ജയപ്രകാശ്. ഗവർണറാണ് വളരെ നിർണായകമായ തീരുമാനമെടുത്തത്. ഗവർണർക്ക് എന്തൊക്കെ ചുമതലകളാണുള്ളതെന്ന് താനുൾപ്പെടെയുള്ള പൊതുജനം മനസ്സിലാക്കുന്നത് ഇപ്പോൾ മാത്രമാണെന്നും ജയപ്രകാശ് പ്രതികരിച്ചു.
കോളേജ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഡീൻ ഡോ. എംകെ നാരായണൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ. ആർ കാന്തനാഥൻ എന്നിവരെ ഔദ്യോഗിക പദവികളിൽനിന്ന് മാറ്റിനിർത്തിക്കൊണ്ട് അന്വേഷണം തുടരണമെന്നും എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് മകൻ്റെ ജീവനെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിസി അദ്ദേഹത്തിന്റെ ജോലി ചെയ്യാത്തതുകൊണ്ടാണല്ലോ സസ്പെൻഡ് ചെയ്തത്. അല്ലാതെ വെറുതെ സസ്പെൻഡ് ചെയ്യില്ലല്ലോ. പുള്ളിയുടെ ജോലി നല്ലവണ്ണം ചെയ്തുകാണില്ല. ഇത്രയും വലിയ ഒരു കൊലപാതകം നടന്നിട്ടു ഒരു നടപടിയും എടുത്തില്ല. എന്തു സഹായവും ചെയ്യാമെന്നും പേടിക്കേണ്ടെന്നും വിസി വീട്ടിൽ വന്ന് പറഞ്ഞു. അത് പറഞ്ഞിട്ടുപോയിട്ടു ഇത്രയും ദിവസമായി. എന്ത് നടപടിയെടുത്തു?'- ജയപ്രകാശ് ചോദിച്ചു.











Comments