വായു മലിനീകരണം നിയന്ത്രിക്കാൻ ആക്ഷൻ പ്ലാൻ പ്രാബല്യത്തിൽ
- പി. വി ജോസഫ്
- Sep 19, 2024
- 1 min read

ഡൽഹിയിലും NCR മേഖലയിലും ശൈത്യകാലത്ത് രൂക്ഷമാകുന്ന വായു മലിനീകരണം നിയന്ത്രിക്കാനുള്ള ആക്ഷൻ പ്ലാൻ നിലവിൽ വന്നു. വിന്‍ററിലെ നടപടികൾ സാധാരണ ഒക്‌ടോബർ മാസത്തോടെയാണ് നടപ്പാക്കാറുള്ളതെങ്കിലും ഇത്തവണ നേരത്തെയാക്കി. അടിയന്തര നടപടികൾ ഉൾപ്പെടുത്തിയുള്ള ഗ്രേഡ് റെസ്‍പോൺസ് ആക്ഷൻ പ്ലാൻ (GRAP) പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എയർ ക്വാളിറ്റി ഇൻഡെക്‌സ് സ്റ്റേജ് III ൽ എത്തിയാൽ NCR മേഖലയിൽ നിന്ന് മലിനീകരണം ഉണ്ടാക്കുന്ന ബസ്സുകൾ ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.ഡൽഹിയിലെയും പരിസര മേഖലകളിലെയും എയർ ക്വാളിറ്റി മെച്ചപ്പെടുത്താൻ നടപടികൾ ആവിഷ്ക്കരിക്കുന്ന എയർ ക്വാളിറ്റി മാനേജ്‍മെന്‍റ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. CNG, BS VI ബസ്സുകൾക്കും, ഇലക്ട്രിക് ബസ്സുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.
ഡൽഹിയിലെ വായു നിലവാരം നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സ്റ്റേജ് I (AQI 201 - 300) മോശം, സ്റ്റേജ് II (AQI 301 - 400) വളരെ മോശം, സ്റ്റേജ് III (AQI 401 - 450) ഗുരുതരം, സ്റ്റേജ് IV (AQI 450 ന് മുകളിൽ) അതീവ ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. വിന്‍റർ തുടങ്ങുന്നതോടെയാണ് ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകാറുള്ളത്. ഇപ്പോൾ വായു നിലവാരം സാധാരണ നിലയിലാണ്. ഇന്നലെ AQI 115 ആണ് രേഖപ്പെടുത്തിയത്.










Comments