വാടക ഗർഭത്തിൽ അണ്ഡദാതാവ് അമ്മയാകില്ലെന്ന് കോടതി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 13, 2024
- 1 min read

വാടക ഗർഭത്തിലൂടെ ഇരട്ട കുഞ്ഞുങ്ങളെ കിട്ടിയ സ്ത്രീക്ക് ഇടയ്ക്കിടെ മക്കളെ കാണാനുള്ള അവകാശം കോടതി അനുവദിച്ചുകൊടുത്തു. രണ്ട് പെൺമക്കളെ കിട്ടിയ സന്തോഷം അമ്മക്ക് അധികനാൾ അനുഭവിക്കാനായില്ല. വഴക്കിട്ട് വേർപിരിഞ്ഞ ഭർത്താവ് രണ്ട് മക്കളെയും കൊണ്ടുപോയി. മക്കളെ നോക്കാനായി ഭാര്യാ സഹോദരിയെ കൂടെ താമസിപ്പിക്കുകയും ചെയ്തതോടെയാണ് സ്ത്രീ കോടതിയിലെത്തിയത്. വാടക ഗർഭത്തിന് അണ്ഡം ദാനം ചെയ്ത ഭാര്യാസഹോദരിയാണ് കുഞ്ഞുങ്ങളുടെ യഥാർത്ഥ അമ്മയെന്ന വാദമാണ് ഭർത്താവ് ഉയർത്തിയത്. ഈ വാദം അംഗീകരിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. അണ്ഡദാതാവിന് കുഞ്ഞുങ്ങളുടെ ബയോളജിക്കൽ അമ്മയാകാൻ നിയമപരമായി അവകാശമില്ലെന്ന് ജസ്റ്റിസ് മിലിന്ദ് യാദവ് വിധിച്ചു. ജനിതകമായി അമ്മയാണെന്ന് സ്ഥാപിക്കാൻ കഴിഞ്ഞേക്കാമെന്നും കോടതി നിരീക്ഷിച്ചു. ഇപ്പോൾ അഞ്ച് വയസ്സുള്ള മക്കളോടൊപ്പം പരാതിക്കാരിക്ക് എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും മൂന്ന് മണിക്കൂർ നേരം ചെലവിടാമെന്ന് കോടതി അനുമതി നൽകി.










Comments