top of page

യൗവ്വനം വാഗ്‌ദാനം ചെയ്ത് വൃദ്ധരെ കബളിപ്പിച്ചു; ദമ്പതികളെ പോലീസ് തിരയുന്നു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 4, 2024
  • 1 min read
ree

വയോജനങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകാമെന്ന് മോഹിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികളെ ഉത്തർപ്രദേശ് പോലീസ് തിരയുന്നു. കാൺപൂരിലാണ് സംഭവം. ഡസൻ കണക്കിന് ആൾക്കാരിൽ നിന്ന് 35 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇസ്രായേൽ നിർമ്മിത ടൈം മെഷീൻ ഉപയോഗിച്ചുള്ള തെറാപ്പിയിലൂടെ യൗവ്വനം തിരിച്ചു കിട്ടുമെന്നായിരുന്നു വാഗ്‌ദാനം.


രാജീവ് കുമാർ ദുബെയും ഭാര്യ രശ്‍മി ദൂബെയുമാണ് 'റിവൈവൽ വേൾഡ്' എന്ന പേരിൽ കാൺപൂരിലെ കിദ്വായ് നഗറിൽ തെറാപ്പി സെന്‍റർ തുറന്നത്. ഇസ്രായേലിൽ നിന്ന് ഇറക്കുമതി ചെയ്ത മെഷീനിലൂടെ 60 വയസ്സുള്ളവരെ 25 വയസ്സിന്‍റെ ചെറുപ്പത്തിലേക്ക് മാറ്റുമെന്നാണ് മോഹന വാഗ്‌ദാനം നൽകിയത്. അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങൾക്ക് പെട്ടെന്ന് വാർധക്യം ഉണ്ടാകുകയാണെന്നും, പുതിയ മെഷീനിലൂടെ ഓക്‌സിജൻ തെറാപ്പിയാണ് നടത്തുന്നതെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പല സെഷനുകളായി നടത്തുന്ന തെറാപ്പിക്ക് 6000 രൂപ മുതൽ 90,000 രൂപ വരെ ഈടാക്കി.


10 ലക്ഷം രൂപ മുടക്കിയിട്ടും പ്രായത്തിൽ 25 വയസ് പോയിട്ട് 25 ദിവസത്തിന്‍റെ മാറ്റം പോലും ഉണ്ടായില്ലെന്നു ബോധ്യമായ രേണു സിംഗ് എന്ന സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതോടെ യുവത്വം മോഹിച്ച പലരും പരാതിയുമായി മുന്നോട്ടു വന്നു. തെറാപ്പി നടത്തിയ ദമ്പതികൾ വിദേശത്തേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച സൂചന.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page