top of page

ഭക്തമനസുകൾക്ക് പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല

ന്യൂസ് ബ്യൂറോ , ഡൽഹി
18 hours ago
1 min read

ന്യൂ ഡൽഹി: ഭക്തമനസുകൾക്ക് പുണ്യം പകർന്ന് രണ്ടു ദിവസം നീണ്ടുനിന്ന 24-ാമത് ചക്കുളത്തമ്മ പൊങ്കാല ഹോത്സവം മയൂർ വിഹാർ ഫേസ് 3-ലെ പൊങ്കാല പാർക്കിൽ സമാപിച്ചു. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. രമേശ് ഇളമൺ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, യദു ദാമോദരൻ എന്നിവരും കാർമ്മികരായിരുന്നു.


മഹോത്സവത്തോടനുബന്ധിച്ചു ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് പി എൻ ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കുമാരി അമൃതാ റാവു ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി, രമേഷ് ഇളമൺ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ആർ രാജേഷ് കുമാർ, സെക്രട്ടറി ഡി ജയകുമാർ, ജോയിന്റ് സെക്രട്ടറിമാരായ എം എൽ ഭോജൻ, ലേഖാ സോമൻ, ട്രെഷറർ എ മുരളീധരൻ, ജോയിന്റ് ട്രെഷറർ വി രഘുനാഥൻ, ഇന്റെർണൽ ഓഡിറ്റർ കെ ഗോപാലൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. സന്തോഷ് കുമാർ നാരങ്ങാനം ആയിരുന്നു അവതാരകൻ.

ചടങ്ങിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അനഘ ജയകുമാർ, അദിതി മുരളീധരൻ എന്നീ വിദ്യാർത്ഥികൾക്ക് ചക്കുളത്തമ്മ അക്കാഡമിക് എക്സലൻസ്‌ അവാർഡുകളും വിതരണം ചെയ്തു.

തുടർന്ന് അനുഗ്രഹ പ്രഭാഷണവും ചക്കുളംകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർത്ഥനയും നടന്നു. ക്ഷേത്ര ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിൽ ജ്വലിപ്പിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവകളാൽ ചക്കുളത്തമ്മക്ക് സ്വാഗതമോതി. തുടർന്ന് ഭക്തർ സ്വയം തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നപ്പോൾ അമ്മേ ശരണം ദേവീ ശരണം എന്ന ദേവീ മന്ത്ര ജപം മുഴങ്ങി. മയൂർ വിഹാർ ഫേസ് 3-ലെ വൈജയന്തി ഭജൻസ് അവതരിപ്പിച്ച ഭജനാർപ്പണം ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമാക്കി. ടി ആർ സത്യനും സംഘവുമായിരുന്നു വാദ്യമേളങ്ങളൊരുക്കിയത്. മഹാകലശാഭിഷേകം, വിദ്യാകലശം, പറയിടൽ എന്നിവയും പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page