ഭിന്നശേഷിക്കാർക്കായി സർക്കാർ വിപുലമായ പദ്ധതി പ്രഖ്യാപിക്കും: മുഖ്യമന്ത്രി

ഭിന്നശേഷിക്കാർക്കായി സംസ്ഥാന സർക്കാർ ഡിസംബർ ഒന്നിന് വിപുലമായ പദ്ധതി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. ന്യൂഡൽഹി കേരളാഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹാനുഭൂതിയോടെയുള്ള സദ്ഭരണം എന്നതാണ് ലക്ഷ്യം. ഡിസാസ്റ്റർ മാനേജ്‌മെന്റ് റെസീലിയൻസ് പ്രോജക്ടും നടപ്പാക്കും. ഇവ രാജ്യത്തിന് തന്നെ മാതൃകയാവുന്ന പദ്ധതികളാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫയലുകൾ കൃത്യമായി തീർപ്പാക്കുന്നതിനും കുന്നുകൂടുന്നത് ഒഴിവാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള പദ്ധതി ആവിഷ്‌ക്കരിക്കും. സംസ്ഥാനത്ത് ഡാറ്റാ ഡ്രിവൺ ഗവേണൻസ് നടപ്പാക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇതിനായി പ്രത്യേക ഡാഷ്‌ബോർഡ് ഉണ്ടാവും. സംസ്ഥാനത്ത് പ്രഖ്യാപിക്കുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കും.
കേന്ദ്ര സർക്കാരിൽ നിന്ന് വിവിധ പദ്ധതികൾക്ക് ലഭിക്കേണ്ട പണം ലഭ്യമാക്കാൻ തീവ്ര ശ്രമം നടത്തും. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ മിഷൻ സമുദ്രയ്ക്ക് വേണ്ടി മരിടൈം നിയമം കൊണ്ടുവരും. കേരളത്തെ ഒരു തുറമുഖ നഗരമാക്കി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. സംസ്ഥാനത്തിനെ ഒരു ഏവിയേഷൻ ഹബ് ആക്കി മാറ്റുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്.
ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് ആറ് മാസം പൂർത്തിയായിരിക്കുകയാണ്. ജനങ്ങൾക്ക് വാഗ്ദാനം നൽകിയ രണ്ട് കാര്യങ്ങൾ വിജയകരമായി നടപ്പാക്കി. സ്ത്രീകൾക്ക് സൗജന്യ കെ. എസ്. ആർ. ടി. സി യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയും ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരൻമാർക്കായി പ്രത്യേക വകുപ്പും സർക്കാർ കൊണ്ടുവന്നു. ആശാ വർക്കർമാർ, പാചക തൊഴിലാളികൾ എന്നിവർക്ക് വരുമാന വർധനവുണ്ടായി. കിഫ്ബിയെക്കുറിച്ച് പഠനം നടത്തി മുഖ്യധാരയിൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നു. മാരിടൈം മ്യൂസിയം, കൊച്ചിയിലെ ഓഷ്യനേറിയം പദ്ധതികൾ എന്നിയുടെ നടപടി ആരംഭിച്ചു. സിംഗപ്പൂർ മാതൃകയിൽ കൊച്ചിയിൽ ഇന്റർനാഷണൽ ഗ്‌ളോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കാൻ നടപടി തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.





Comments