top of page

ബാങ്കർമാർക്ക് ഇന്ത്യൻ സൈൻ ലാംഗ്വേജ് പരിശീലനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 day ago
  • 1 min read

ന്യൂഡൽഹി: ബാങ്കിംഗ് മേഖലയിലെ സേവനങ്ങൾ ശ്രവണപരിമിതിയുള്ളവർക്കും കൂടുതൽ സൗഹൃദപരവും ഉൾക്കൊള്ളുന്നതുമായ രീതിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സൈൻ ലാംഗ്വേജിൽ (Indian Sign Language) ബാങ്കർമാർക്കായി ത്രിദിന പരിശീലന പരിപാടിക്ക് ന്യൂഡൽഹിയിൽ തുടക്കമായി.

ജമ്മു & കശ്മീർ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള 35 ബാങ്കർമാർ പരിശീലനത്തിൽ പങ്കെടുക്കുന്നു. വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഡ്വ. ഡോ. കെ. സി. ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനം മൂന്ന് ദിവസങ്ങളിലായി തുടരും.


പരിപാടിയുടെ ഉദ്ഘാടനം ശ്രീ. മാനുവൽ മെഴുകനാൽ, Chairman World Malayalee Council, Delhi Province നിർവഹിച്ചു. അദ്ദേഹം ബാങ്കിൽ വരുന്ന ഭിന്നശേഷിക്കാരായ വ്യക്തികളോട് അധികാരികൾ എങ്ങിനെ പെരുമാറണം എന്നും ചൂണ്ടികാട്ടി. ബാങ്കിന്റെ അധികാരികളായ ശ്രീ. സുധീർ, സോനൽ മാനേജർ ശ്രീ. ബൻസൽ എന്നിവരും ചടങ്ങിൽ സംസാരിച്ചു.


അഡ്വ. ഡോ. കെ. സി. ജോർജ് തന്റെ പ്രചോദനാത്മകമായ പ്രസംഗത്തിൽ സമൂഹത്തിലെ ശ്രവണപരിമിതിയുള്ള വ്യക്തികളെ ദൈനംദിന ജീവിതത്തിലും ഔദ്യോഗിക ഇടപാടുകളിലും തുല്യരായി പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ബാങ്കിംഗ് സേവനങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രാപ്യമാക്കുന്നതിനായി ഉൾക്കൊള്ളൽ (Inclusivity) ഒരു സാമൂഹിക ഉത്തരവാദിത്വമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.


ശ്രവണപരിമിതിയുള്ള സമൂഹത്തോടൊപ്പം നിൽക്കുകയും അവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും, ബാങ്കർമാർക്ക് ഇന്ത്യൻ സൈൻ ലാംഗ്വേജിലുള്ള അടിസ്ഥാനപരമായ അറിവ് ഉപഭോക്തൃസേവനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും അവരുമായി ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ബാങ്കിംഗ് രംഗത്ത് “എല്ലാവർക്കും സേവനം” എന്ന ആശയം പ്രാവർത്തികമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് പരിശീലന പരിപാടിയെ സംഘാടകർ വിശേഷിപ്പിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page