top of page

ഫ്ലൈറ്റുകൾക്ക് ബോംബ് ഭീഷണി തുടരുന്നു; ഇന്നലെ സന്ദേശം ലഭിച്ചത് 100 ഫ്ലൈറ്റുകൾക്ക്

  • പി. വി ജോസഫ്
  • Oct 30, 2024
  • 1 min read

ree

ഇന്ത്യൻ ഫ്ലൈറ്റുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിക്കുന്ന സംഭവങ്ങൾ വിരാമമില്ലാതെ തുടരുകയാണ്. ഇന്നലെ മാത്രം 100 ലധികം ഫ്ലൈറ്റുകൾക്കാണ് ഇമെയിലിൽ ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ച്ചയിൽ 510 ഡൊമസ്റ്റിക്, ഇന്‍റർനാഷണൽ ഫ്ലൈറ്റുകൾക്കാണ് ഭീഷണി ലഭിച്ചത്. മിക്ക ഭീഷണിയും 'X' പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമിലൂടെയാണ് ലഭിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്‍താര എന്നിവയുടെ ഫ്ലൈറ്റുകൾക്കാണ് കൂടുതൽ ഭീഷണി ലഭിച്ചത്.


ഭീഷണികളിൽ 99.99 ശതമാനവും വ്യാജമാണെന്ന് ഉറപ്പാണെങ്കിലും നേരിയ സാധ്യത കണക്കിലെടുത്ത് 100 ശതമാനവും സത്യമാണെന്ന് കരുതിയുള്ള നടപടികളാണ് എടുക്കാറുള്ളത്. ടേക്ക് ഓഫിന് മുമ്പാണ് ഭീഷണി ലഭിക്കുന്നതെങ്കിൽ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി യാത്രക്കാരെ ഇറക്കി പരിശോധന നടത്തും. പുറപ്പെട്ടതിന് ശേഷമാണ് സന്ദേശം ലഭിക്കുന്നതെങ്കിൽ പുറപ്പെട്ട എയർപോർട്ടിലേക്ക് തിരിച്ചിറക്കും, അതല്ലെങ്കിൽ വഴിതിരിച്ചു വിട്ട് അടുത്തുള്ള എയർപോർട്ടിൽ ഇറക്കും. ഇന്‍റർനാഷണൽ ഫ്ലൈറ്റുകളുടെ കാര്യത്തിൽ ഇന്ത്യൻ വ്യോമാതിർത്തി കഴിഞ്ഞാണ് ഭീഷണി ലഭിക്കുന്നതെങ്കിൽ മറ്റൊരു രാജ്യത്തെ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ഇന്‍റർനാഷണൽ ATC യുമായും സെക്യൂരിറ്റി ഏജൻസികളുമായും ഏകോപനം നടത്തണം.


ഇന്ത്യൻ വ്യോമമേഖലയിൽ തുടരുന്ന ഈ പ്രശ്‍നം പരിഹരിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയം നിയമ വഴികളും നിയമനിർമ്മാണ മാർഗ്ഗങ്ങളും ആരായുകയാണ്. ഭീഷണി സന്ദേശങ്ങൾ അയക്കുന്നവർക്ക് ഫ്ലൈറ്റുകളിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ. റാംമോഹൻ നായിഡു പറഞ്ഞു.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page