top of page

'പോലീസ് വീഴ്ച വരുത്തി'; സിദ്ധാർഥിന്‍റെ മരണം സിബിഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

  • റെജി നെല്ലിക്കുന്നത്ത്
  • Mar 3, 2024
  • 1 min read


ree

ഹൈലൈറ്റ്:


  • സിദ്ധാർഥിന്‍റെ മരണം സിബിഐ അന്വേഷിക്കണം

  • മുഖ്യമന്ത്രിക്ക് കത്തുമായി പ്രതിപക്ഷ നേതാവ്

  • പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായി

തിരുവനന്തപുരം: പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഭക്ഷണമോ വെള്ളമോ നല്‍കാതെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് വിദ്യാർഥിയുടെ കുടുംബം പറയുന്നത്. അതീവ ഗൗരവതരമാണ് ആരോപണങ്ങളെന്ന് വിഡി സതീശൻ പറഞ്ഞു.


മകന്‍റെ കൊലയാളികള്‍ പൂക്കോട് കാമ്പസിലെ എസ്എഫ്ഐ നേതാക്കളാണെന്ന് സിദ്ധാർഥിന്‍റെ മാതാപിതാക്കള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിച്ചതെന്നും ഇത് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നുമാണ് വിഡി സതീശൻ പറയുന്നത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കയച്ച കത്ത് പൂർണ്ണ രൂപത്തിൽ വായിക്കാം.


കത്ത് പൂര്‍ണരൂപത്തില്‍



വയനാട് പൂക്കോട് വെറ്റനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാർഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടല്ലോ. കേരള മനസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുന്ന ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പൂക്കോട് വെറ്റനറി സര്‍വകലാശാല കാമ്പസില്‍ നിന്നും വരുന്നത്.

എസ്എഫ്ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തില്‍ നഗ്നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നല്‍കാതെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാർഥിന്‍റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. കൊടുംക്രൂരതയ്ക്ക് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നെന്നതും അതീവ ഗൗരവതരമാണ്.

മകന്‍റെ കൊലയാളികള്‍ പൂക്കോട് കാമ്പസിലെ എസ്.എഫ്.ഐ നേതാക്കളാണെന്ന് സിദ്ധാർഥിന്‍റെ മാതാപിതാക്കള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സിദ്ധാർഥ് നേരിട്ട മൃഗീയ മര്‍ദനത്തിന്‍റെയും ക്രൂരതയുടെയും തെളിവാണ്. ക്രൂര പീഡനം ഏറ്റതിന്‍റെ തെളിവുകള്‍ സിദ്ധാര്‍ഥിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നിട്ടും പോലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി. പ്രതികളെ രക്ഷിക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചത്. അതേ പോലീസില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ല.

സിദ്ധാര്‍ഥിന്‍റെ മരണവും അതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും കേരളത്തിലെ മാതാപിതാക്കള്‍ക്കിടയില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇത്തരമൊരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സിബിഐ അന്വേഷണം ആവശ്യമാണെന്ന് സിദ്ധാർഥിന്‍റെ കുടുംബവും പറയുന്നു. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് മരണത്തിന് പിന്നിലെ യഥാർഥ വസ്തുതകളും ഗൂഡാലോചനയും കണ്ടെത്താന്‍ അന്വേഷണ ചുമതല സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് അഭ്യർഥിക്കുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page