പ്രമേഹം മൂലം 8 വയസ്സുകാരിയുടെ മരണം; ചികിത്സ നിഷേധിച്ച മാതാപിതാക്കൾക്ക് ജീവപര്യന്തം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 26
- 1 min read

ആസ്ത്രേലിയയിൽ 8 വയസ്സുകാരി പ്രമേഹം മൂലം മരിച്ചതിനെ തുടർന്ന് അറസ്റ്റിലായ മാതാപിതാക്കൾക്ക് കോടതി 14 വർഷം ജയിൽ ശിക്ഷ വിധിച്ചു. ചെറിയൊരു സഭാ സമൂഹത്തിൽ പെട്ട മാതാപിതാക്കൾ കുട്ടിക്ക് ഇൻസുലിൻ നൽകാൻ വിസമ്മതിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. പ്രാർത്ഥന കൊണ്ട് രോഗം മാറുമെന്ന വിശ്വാസമാണ് ഈ സമൂഹത്തിന്‍റെ നേതാക്കളും പ്രചരിപ്പിച്ചത്. കുട്ടിയുടെ മരണം സഭാംഗങ്ങൾ നോക്കിനിന്നു. ഇവർക്കെല്ലാമെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയത്.
2022 ജനുവരിയിലാണ് ബ്രിസ്‍ബെനിൽ എലിസബത്ത് സ്ട്രൂഹ് എന്ന പെൺകുട്ടി മരിച്ചത്. 6 വയസ് മുതൽ കുട്ടിക്ക് പ്രമേഹത്തിന് ചികിത്സ നൽകിയിരുന്നു. പിന്നീട് കുട്ടിക്ക് പ്രമേഹം കടുത്തെങ്കിലും മരുന്നോ ചികിത്സയോ വേണ്ടെന്ന് മാതാപിതാക്കൾ 53 കാരനായ ജേസൺ സ്ട്രൂഹും, 49 കാരിയായ കെറി സ്ട്രൂഹും തീരുമാനിക്കുകയാണ് ചെയ്തത്. 'ദി സെയിന്‍റ്‍സ്' എന്ന സഭാ സമൂഹത്തിന്‍റെ കടുത്ത വിശ്വാസികളായി അവർ മാറിയതാണ് കാരണം. ഈ സഭാ സമൂഹത്തിന്‍റെ നേതാവായ 63 കാരൻ ബ്രെൻഡെൻ സ്റ്റീവെൻസിന് 13 വർഷത്തെ ശിക്ഷയും നൽകിയിട്ടുണ്ട്. ഇയാൾ അപകടകാരിയും നെറികെട്ടവനുമാണെന്ന് ജഡ്‍ജി അഭിപ്രായപ്പെട്ടു. കുട്ടി മരിക്കുന്ന സമയത്ത് പാടി പ്രാർത്ഥിച്ചുകൊണ്ടിരുന്ന മറ്റ് 12 പേർക്ക് 6 മുതൽ 9 വർഷം വരെ ശിക്ഷ ലഭിച്ചു.
ക്വീൻസ്‍ലാന്‍റ് സുപ്രീം കോടതി ജഡ്‍ജി മാർട്ടിൻ ബേൺസ് ആണ് ശിക്ഷ വിധിച്ചത്.
Comments