പ്രതിമയുടെ തോളിൽ തൂങ്ങി മാദക ചുംബനം; യുവതിക്കെതിരെ ജനരോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 18, 2024
- 1 min read

ഇറ്റലിയിൽ ഫ്ലോറൻസിലെ ടൂറിസ്റ്റ് കേന്ദ്രത്തിലുള്ള പ്രതിമയിൽ ചുംബിച്ച യുവതിക്കെതിരെ ജനരോഷം ശക്തം. ടൂറിസ്റ്റുകൾ ധാരാളമായെത്തുന്ന പ്രസിദ്ധമായ പോണ്ട് വാക്കിയോ ബ്രിഡ്‍ജിനോട് ചേർന്നാണ് പൗരാണിക റോമൻ ദേവനായ ബച്ചൂസിന്‍റെ പൂർണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വീഞ്ഞിന്‍റെയും മാദക ലഹരിയുടെയും ദേവനായാണ് ബച്ചൂസ് ഗ്രീക്ക് പുരാണത്തിൽ അറിയപ്പെടുന്നത്. കാണാനെത്തിയ യുവതിക്ക് ദേവ പ്രതിമ കണ്ടപാടെ നിയന്ത്രണം വിട്ടു. കൺട്രോൾ പോയ യുവതി പരിസരം മറന്ന് പ്രതിമയുടെ തോളിൽ തൂങ്ങി. കെട്ടിപ്പുണർന്ന് യുവതി മതിവരാതെ മുഖത്തും ചുണ്ടിലുമൊക്കെ ചുംബിച്ചു. പ്രതിമയുമായുള്ള യുവതിയുടെ ലിപ്‍ലോക്ക് പക്ഷെ കണ്ടവർക്കൊക്കെ അറപ്പുളവാക്കുന്ന അശ്ലീലമായാണ് തോന്നിയത്. സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചതോടെ ജനരോഷം ശക്തിപ്പെട്ടു. ഈ സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിലെ പ്രസിദ്ധ ശിൽപ്പി ഗ്യാമബോലഗ്‌നയുടെ സൃഷ്‍ടിയെ ആധാരമാക്കി നിർമ്മിച്ചതാണ് പ്രതിമ. ഒറിജിനൽ പ്രതിമ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഫ്ലോറൻസ്. കഴിഞ്ഞ വർഷം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ 15 കോടി ടൂറിസ്റ്റുകളാണ് ഇവിടെ എത്തിയത്.
ഈ സംഭവത്തോട് പ്രതികരിക്കവെ, ഫ്ലോറൻസ് ഇപ്പോൾ ആർക്കും എന്തും ചെയ്യാവുന്ന അവസ്ഥയിലാണെന്ന് ഇറ്റലിയുടെ സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന കോൺഫ്‍കൾച്യുറ എന്ന സംഘടനയുടെ പ്രസിഡന്‍റ് പട്രീസിയ ആസ്പ്രോണി കുറ്റപ്പെടുത്തി. മാന്യതയും മര്യാദയുമില്ലാതെ പെരുമാറുന്ന ടൂറിസ്റ്റുകൾക്ക് ഭീമമായ പിഴ ചുമത്തുന്ന സിംഗപ്പൂർ മോഡൽ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.










Comments