ദില്ലി സക്കേത് കോടതിയുടെ വിധി ചരിത്രപരമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 22, 2024
- 2 min read
Updated: Dec 23, 2024

പീഡന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച ഡൽഹി സാക്കേത് കോടതിയുടെ ഉത്തരവ് നിയമപരമായ പുതിയ മാനദണ്ഡമാണ് സൃഷ്ടിച്ചത് എന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്ത് വേണുഗോപാൽ അഭിപ്രായപ്പെട്ടു.
ഒരു പീഡനത്തിന്റെ അനന്തരാവസ്ഥയിൽ ഒരു കുട്ടി ജനിക്കുന്നുണ്ടെങ്കിൽ, അവിടെ രണ്ട് ഇരകളുണ്ടെന്ന് ഡൽഹി കോടതി നിരീക്ഷിച്ചു. പോക്‌സോ നിയമപ്രകാരം കുറ്റവാളിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിക്കുന്നതിനൊപ്പം, ഇരകൾക്ക് സംരക്ഷണത്തിനു വേണ്ടി പതിനാറരലക്ഷം രൂപ നഷ്ടപരിഹാരം നൽകിക്കൊണ്ട് അഡീഷണൽ സെഷൻസ് ജഡ്ജ് അനു അഗർവാൾ, സക്കേത് കോടതിയുടെ ഡിസംബർ 16 തീയതിയുള്ള ഉത്തരവിലാണ് ഈ അഭിപ്രായപ്രകടനം ഉണ്ടായത്.
ഇന്ത്യയിൽ ആദ്യമായാണ് ഒരു പോക്സോ കോടതി ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരമായി നൽകി വിധി പറയുന്നത് എന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഭിപ്രായപ്പെട്ടു. പീഡനത്തിനിരയായ പെൺകുട്ടിയുടെയും പീഡനത്തിന്റെ ബാക്കിപത്രമായി ജനിച്ച മകളുടെയും പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയാണ് കോടതി നഷ്ടപരിഹാര തുക വിധിച്ചത്.
"പീഡനത്തിനിരയായ പെൺകുട്ടി അനുഭവിച്ച ശാരീരിക പീഡനവും ഗർഭധാരണത്തിന്റെയും ശാരീരിക വേദനയും മറ്റും കുറ്റകൃത്യത്തിന്റെ ബാക്കി പത്രം ആണ്. ഇതിൽ രണ്ട് പ്രായപൂർത്തിയാകാത്ത ഇരകളുണ്ട്," എന്ന് ജഡ്ജി ഉത്തരവിൽ നിരീക്ഷിച്ചു.
തന്റെ അമ്മയോടുള്ള പീഡനത്തിന്റെ ഫലമായി ജനിച്ചതിനാൽ, കുട്ടി ജീവിത കാലം മുഴുവൻ 'അവിഹിതമായി ജനിച്ച കുട്ടി' എന്ന മുദ്രയിലൂടെയും സമൂഹത്തിന്റെ അപഹാസ്യവുമായിരിക്കും നേരിടേണ്ടത്," എന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. നമ്മുടെ സമൂഹത്തിൽ, ദുർഭാഗ്യവശാൽ, പീഡനത്തിനിരയായ പെൺകുട്ടി ജന്മം നൽകിയാൽ, അവളും കുട്ടിയും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നില്ല, എന്ന് കോടതി നിരീക്ഷിച്ചു.
ഇരകൾക്ക് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ അരുണ് കുറുവത്ത് വേണുഗോപാൽ, പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് വാദിച്ചു. കുറ്റകൃത്യത്തിന്റെ ദീർഘകാലവും കണക്കാക്കപ്പെട്ട സ്വഭാവവും ചൂണ്ടിക്കാട്ടി, തീവ്രമായ മാനസിക, ശാരീരിക പീഡനമാണ് ഇര നേരിട്ടതെന്നും അദ്ദേഹം വാദിച്ചു." പ്രതിയുടെ കുറ്റകൃത്യം ഒരു ലൈംഗിക അക്രമത്തിന്റെ മാത്രം പരിധിയിൽ ചുരുങ്ങുന്നവയല്ല, വലിയ വിശ്വാസവഞ്ചനയും കൂടിയാണ്. ഇര, ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും, കൊച്ചു പ്രായത്തിൽ തന്നെ മാതൃത്വത്തിന്റെ വേദനയും സാമൂഹിക സമ്മർദ്ദവും ഒരുമിച്ച് അനുഭവിക്കേണ്ടിവന്നു . ഇരയും കുട്ടിയും ജീവിത അവസാനം വരെ ഈ കുറ്റകൃത്യത്തിന്റെ ബാക്കി പത്രം ആയി ജീവിക്കേണ്ടി വരുന്നു, എന്നും കോടതിയെ ബോധിപ്പിച്ചു. കുറ്റകൃത്യം ഇരയിൽ ഉണ്ടാക്കിയ ശാരീരിക മാനസിക ആഘാതം കണക്കിലെടുത്താൽ പ്രതി യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല എന്നും വാദിച്ചു. ഇരകളുടെ പുനരധിവാസത്തിന് പരമാവധി തുക നഷ്ടപരിഹാരം നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.
2016 ലാണ് കേസിന് ആസ്പദമായ സംഭവം.പ്രതി 15 വയസ്സു മാത്രം പ്രായമുള്ള ഇരയുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇരയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് വിശ്വസിപ്പിക്കാനായി, പ്രതി ഇരയുടെ തലയിൽ സിന്ദൂരും ചാർത്തുകയും വിവാഹിതരായെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ആയതിനു ശേഷം ഇരയുമായി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇര ഗർഭിണിയാണെന്ന് വിവരം അറിഞ്ഞപ്പോൾ പ്രതി ഇരയും ആയുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെടുകയും അവിടെ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. 2018 ദില്ലിയിലെ ജയിട്പുർ പോലീസ് സ്റ്റേഷനിൽ ആണ് പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഒക്ടോബർ 25-നു പ്രതി IPC-യുടെ സെക്ഷൻ 366 (വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നതിനായി സ്ത്രീയെ തട്ടിക്കൊണ്ടുപോവുക), 376 (പീഡനത്തിനുള്ള ശിക്ഷ), പോക്‌സോ നിയമം 2012-ന്റെ സെക്ഷൻ 6 (ഗുരുതരമായ ശിശു ലൈംഗിക അതിക്രമത്തിന് ശിക്ഷ) പ്രകാരം കുറ്റക്കാരനായി വിധിക്കപ്പെട്ടിരുന്നു.











Comments