top of page

നജഫ്ഗഡ്‌ ക്ഷേത്രത്തിലെ വലിയ പൊങ്കാല:പൊങ്കാലക്കലങ്ങളിൽ നിറഞ്ഞു തൂവി പ്രാർത്ഥാനാ പുണ്യം

  • P N Shaji
  • Feb 18
  • 2 min read
ree

ന്യൂ ഡൽഹി: പൊങ്കാലക്കലങ്ങളിൽ നിറഞ്ഞു തൂവിയ പ്രാർത്ഥാനാ പുണ്യവുമായി നജഫ്ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല. കോട മഞ്ഞ് ഈറനണിയിച്ച ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് തലസ്ഥാന നഗരിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി വലിയ പൊങ്കാലയിൽ പങ്കെടുക്കുവാനായി ഭക്ത സഹസ്രങ്ങൾ ഒഴുകിയെത്തി. വെങ്കിടേശ്വരൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ree

നിർമ്മാല്യ ദർശനം, ഉഷഃപൂജ, വിശേഷാൽ പൂജകൾ എന്നിവയും ഉണ്ടായിരുന്നു. തുടർന്ന് പൂത്താലമേന്തിയ ബാലികമാരുടെയും ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് കലാകാരന്മാർ അവതരിപ്പിച്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നിയുമായി എഴുന്നെള്ളത്ത്‌.

ree

പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി പകർന്നപ്പോൾ വായ്ക്കുരവകളും 'അമ്മേ നാരായണാ ദേവീ നാരായണാ' എന്ന നാമജപഘോഷവും ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു നിന്നു. തുടർന്ന് ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം പണ്ടാര അടുപ്പിൽ നിന്നും കൊളുത്തിയ അഗ്നി പകർന്നതോടെ വലിയ പൊങ്കാലയ്ക്ക് ആരംഭമായി. പൊങ്കാല അടുപ്പുകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങളാൽ മേഘാവൃതമായ അന്തരീക്ഷം ശിവാജി എൻക്ലേവിലെ നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിച്ച ഭജന ഗാനാമൃതത്താൽ ഭക്തി സാന്ദ്രമായി.

ree

തിളച്ചു തൂവി പകമാക്കിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചത്തോടെ പായസം നിവേദ്യമായി. ഉദിച്ചുയർന്ന സൂര്യഭഗവാനെ സാക്ഷിയാക്കി ഭക്തജനങ്ങൾ ദേവീമന്ത്രജപങ്ങളോടെ നിവേദ്യം ചോറ്റാനിക്കയിയമ്മക്കു മനസാ സമർപ്പിച്ച ശേഷം തിരുനടയിലെത്തി ദർശനവും വഴിപാടുകളും കാണിക്യയുമർപ്പിച്ചു മിഴികളടച്ചു തൊഴുതു. തുടർന്ന് അന്നദാനത്തിലും പങ്കെടുത്ത് ഒരു വർഷം നീണ്ടു നിന്ന വ്രത ശുദ്ധിയുടെ പുണ്യവുമായി മടക്കയാത്ര.

ree

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു സംഘാടകരായ ശ്രീഭഗവതി ക്ഷേത്രം & ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ ജി സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി കൃഷ്ണ കുമാർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് വികെഎസ് നായർ, നജഫ്ഗഡ് എംഎൽഎ നീലം കൃഷ്ണാ പഹൽവാൻ, കൗൺസിലർ അമിത് ഖഡ്കരി, ഡൽഹി മലയാളി അസോസിയേഷൻ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, പി കെ സുരേഷ് ബാലഗോകുലം, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ലേഖാ സോമൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.


ജോയിന്റ് സെക്രെട്ടറിയായ അനിൽ കുമാർ, ആക്ടിങ് ട്രെഷറർ മധുസൂദനൻ, ജോയിന്റ് ട്രെഷറർ സാബു മുതുകുളം, നിർവാഹക സമിതി അംഗങ്ങളായ അശോകൻ, എസ് ഗണേശൻ, വിജയ പ്രകാശ്, കെ എസ് പ്രദീപ്, യശോധരൻ നായർ, ജോഷി, വാസുദേവൻ, തുളസി, സുരേഷ്, വനിതാ വിഭാഗം പ്രവർത്തകരായ ശ്യാമളാ കൃഷ്ണ കുമാർ, ശോഭ പ്രകാശ്, ലതാ നായർ, തിലക മണി, ലീല രാഘവൻ, വിവിധ ഏരിയകളിൽ നിന്നുള്ള സംഘാടകർ തുടങ്ങിയവർ പൊങ്കാല മഹോത്സവത്തിന് നേതൃത്വം നൽകി.


പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധന സാമഗ്രികളും ക്ഷേത്രാങ്കണത്തിൽ ലഭ്യമായിരുന്നു. പൊങ്കാല കൂപ്പണുകളും വഴിപാടുകളും തത്സമയം ബുക്കു ചെയ്യുവാൻ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page