top of page

നോർക്ക കെയർ പ്ലസ് പ്രവാസിസംഗമം നാളെ ഡൽഹി കേരള ഹൗസില്‍ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്യും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 16 hours ago
  • 1 min read

പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിന്റെ ഭാഗമായി നാളെ ഡല്‍ഹിയില്‍ പ്രവാസിസംഗമം സംഘടിപ്പിക്കുന്നു. കേരളാ ഹൗസ് കോൺഫറൻസ് ഹാളിൽ വൈകിട്ട് 5.45ന് നടക്കുന്ന പ്രവാസിസംഗമം എം.പി ഹാരിസ് ബീരാന്‍ ഉദ്ഘാടനം ചെയ്യും. ഒഡിഷ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ്) ശ്രീ. സുബു റഹ്മാൻ IAAS മുഖ്യപ്രഭാഷണം നടത്തും. നോര്‍ക്ക കെയര്‍ പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ വിശദീകരിക്കും. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ്. ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസര്‍ ജെ. ഷാജിമോന്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കാണ് എന്‍റോള്‍ ചെയ്യാനാകുക. 2026 സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് അവസരം.


10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ മാതാപിതാക്കളേയും (80 വയസ്സു വരെ) ഉള്‍പ്പെടുത്താനാകും. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ എന്‍റോള്‍ ചെയ്യാവുന്നതാണ്. 2026 ഏപ്രില്‍ 15 ന് പ്രാബല്യത്തില്‍ വന്ന നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ ശേഷിക്കുന്ന എട്ടു മാസത്തേയ്ക്കാണ് (2027 ഏപ്രില്‍ 14 വരെ) എന്‍റോള്‍മെന്റ്. ഇതിനനുസരിച്ച് പ്രീമിയത്തിലും ആനുപാതികമായ കുറവുണ്ടാകും. കേരളത്തിലെ 688 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്ലെസ്സ് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page