നോര്‍ക്ക റൂട്ട്സ് സ്റ്റാള്‍ കെ വി തോമസ് ഉദ്ഘാടനം ചെയ്തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 14
- 1 min read

44ാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന് ഡല്‍ഹിയില്‍ തുടക്കമായി
നോര്‍ക്ക റൂട്ട്സ് സ്റ്റാള്‍ കെ വി തോമസ് ഉദ്ഘാടനം ചെയ്തു
സ്റ്റാളില്‍ നോര്‍ക്ക കെയര്‍, ഐ.ഡി കാര്‍ഡ് എന്‍റോള്‍മന്റ് സൗകര്യം
44ാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന് (IITF) ഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കമായി. 2025 നവംബര്‍ 27 വരെ നടക്കുന്ന മേളയില്‍ പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക കെയര്‍, നോര്‍ക്ക ഐ.ഡി കാര്‍ഡ് എന്നിവയുടെ എന്‍റോള്‍മന്റ് സെന്റര്‍ സ്റ്റാള്‍ നമ്പര്‍ 11 ല്‍ നോര്‍ക്ക റൂട്ട്സ് സജ്ജമാക്കിയിട്ടുണ്ട്. നോര്‍ക്ക റൂട്ട്സ് സ്റ്റാളിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാറിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ.വി തോമസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്മെന്റ് ഓഫീസര്‍ ഷാജിമോന്‍.ജെ, നോര്‍ക്ക റൂട്ട്സ് പി.ആര്‍ ഒ അനില്‍ ഭാസ്കര്‍ എന്നിവരും സംബന്ധിച്ചു. പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക വഴി നടപ്പിലാക്കുന്ന പദ്ധതികളുടേയും സേവനങ്ങളുടേയും വിവരങ്ങള്‍ സ്റ്റാളില്‍ നിന്നും ലഭിക്കും. ഇതിനോടൊപ്പം പ്രവാസികേരളീയര്‍ക്ക് സമഗ്ര ആരോഗ്യ അപകട ഇൻഷുറൻന്‍സ് പരിരക്ഷ നല്‍കുന്ന നോർക്ക കെയർ, എന്‍.ആര്‍.കെ ഐ ഡി കാര്‍ഡ്, ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ (പ്രായം 18-60) നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI) എന്നിവയ്ക്കുളള എന്‍റോള്‍മെന്റ് സൗകര്യവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ ഗവണ്‍മെന്‍റ് തിരിച്ചറിയല്‍ രേഖ, താമസിക്കുന്ന സംസ്ഥാനത്തിലെ രേഖയോ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പോ, അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും എന്‍റോള്‍മെന്റിന് ആവശ്യമാണ് (എല്ലാ രേഖകളും സ്കാൻ ചെയ്ത് JPEG ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്).
ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വയസ്സിൽ താഴെ): ₹4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്സ്) 8,101 രൂപയുമാണ്. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18, 000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിനും, നോര്‍ക്ക കെയറിനും ഒരു വര്‍ഷവുമാണ് കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടേയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുമുളള ഇൻഷുറൻസ് പരിരക്ഷയും ഐ.ഡി കാര്‍ഡ് സേവനങ്ങള്‍ക്ക് ലഭിക്കും. എൻ.ആർ.കെ ഐ.ഡി കാർഡിന് 408 രൂപയും, പ്രവാസിരക്ഷാ ഇൻഷുറൻസിന് (ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പെടെ) 661 രൂപയുമാണ് ഫീസ്.










Comments