top of page

ധനുമാസ രാവിൽ കുളിർ നിലാവായി 'ശാന്ത രാത്രി പുതു രാത്രി'

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 7
  • 1 min read
ree

ന്യൂ ഡൽഹി : കുളിരാർന്ന ധനുമാസ രാവിൽ നിലാവുപോലെ പെയ്തിറങ്ങിയ സംഗീത നൃത്ത വീചികളിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ തിങ്ങി നിറഞ്ഞ ആസ്വാദക വൃന്ദം ആനന്ദത്തിമിർപ്പിലാറാടി. ഡൽഹി മലയാളി അസോസിയേഷനും ആദിത്യ ബിർളാ ഗ്രൂപ്പ് ഇന്ദ്രിയ ജൂവല്ലറിയും സംയുക്തമായി നടത്തിയ "ശാന്ത രാത്രി പുതു രാത്രി" എന്ന ക്രിസ്‌തുമസ്‌ - പുതുവത്സര ആഘോഷങ്ങളിലെ കരോൾ ഗാന മത്സരത്തിനു ശേഷം വിവിധ ഏരിയകൾ നടത്തിയ സിനിമാറ്റിക് ഡാൻസുകളും, അർദ്ധ ശാസ്ത്രീയ നൃത്തവും, ഫ്യൂഷൻ ഡാൻസും, നാടൻ പാട്ടുകളുമാണ് പ്രേക്ഷകർക്ക് അവിസ്മരണീയ അനുഭൂതി പകർന്നത്.

ree

ആഘോഷങ്ങളോടനുബന്ധിച്ച് ഡിഎംഎ വൈസ് പ്രസിഡന്റ് കെ വി മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയയിലെ അമൃതാ റാവുവിന്റെ പ്രാർത്ഥനാ ഗീതാലാപനത്തോടെയാണ് ആരംഭിച്ചത്. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ മുഖ്യാതിഥിയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ നിർവാഹക സമിതി അംഗം ഡോ ഷാജി പ്രഭാകരനും ഇന്ദ്രിയ ജൂവലറിയുടെ സീനിയർ ജൂവലറി കൺസൾട്ടന്റുമായ അശ്വതി രമേശും വിശിഷ്ടാതിഥിയുമായിരുന്നു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കരോൾ ഗാന മത്സരം കോർഡിനേറ്റർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

ree

ചടങ്ങിൽ പ്രശസ്ത സംരംഭകനായ ഡോ ടി ഒ തോമസിനെയും ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ആനികുമാറിനെയും ആദരിച്ചു. കൂടാതെ കേരളാ സ്‌കൂളുകളിൽ പഠിക്കുന്ന നിർധനരായ കുട്ടികൾക്ക് ഡിഎംഎ നൽകുന്ന ഫീസ് ഏരിയ ഭാരവാഹികൾ ഏറ്റുവാങ്ങി. തുടർന്ന് ഡിഎംഎ ത്രൈമാസികയുടെ 9-ാം ലക്കത്തിന്റെ ആദ്യ പ്രതി മുഖ്യാതിഥി ഫാ. റോബി കണ്ണഞ്ചിറ, വിശിഷ്ടാതിഥി ഡോ ഷാജി പ്രഭാകരനു നൽകികൊണ്ട് പ്രകാശനം ചെയ്തു.


കരോൾ ഗാന മത്സരത്തിൽ പട്ടേൽ നഗർ ഏരിയ ഒന്നാം സമ്മാനമായ 15,000 രൂപയും മയൂർ വിഹാർ ഫേസ്-1 ഏരിയ രണ്ടാം സമ്മാനമായ 10,000 രൂപയും മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയ മൂന്നാം സമ്മാനമായ 7,500 രൂപയും കരസ്ഥമാക്കി. വർഗീസ് ജോൺ, എം ജി രതീഷ്, പ്രിൻസി പുന്നൂസ് എന്നിവരായിരുന്നു വിധി കർത്താക്കൾ. മത്സരത്തിൽ അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രമം - ശ്രീനിവാസ്‌പുരി, മെഹ്റോളി, രജൗരി ഗാർഡൻ, വികാസ്‌പുരി - ഹസ്‌തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഏരിയകളും പങ്കെടുത്തു. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ.


വൈകുന്നേരം 7 മണി മുതൽ ഡിഎംഎ കേന്ദ്രക്കമ്മിറ്റി ഗുരു മേഘാ നായരുടെ ശിക്ഷണത്തിൽ അവതരിപ്പിച്ച രംഗപൂജയോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. സ്നേഹഭോജനത്തോടുകൂടിയാണ് 'ശാന്ത രാത്രി പുതു രാത്രി'ക്കു തിരശീല വീണത്.

ree
ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page