top of page

ദയാവധത്തിന് അനുമതി: ഹരീഷ് റാണക്ക് അന്തസോടെ മരണം വരിക്കാം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 24 hours ago
  • 1 min read

രാജ്യത്ത് ആദ്യമായി ദയാവധത്തിന് സുപ്രീംകോടതി അനുമതി നൽകി. നോയിഡയിൽ പതിമൂന്ന് വർഷമായി ജീവഛവമായി കിടക്കുന്ന 32 കാരൻ ഹരീഷ് റാണക്കാണ് അന്തസോടെ മരണം വരിക്കാൻ അവസരമൊരുങ്ങിയത്. ജീവൻ നിലനിർത്തുന്ന സംവിധാനങ്ങൾ വിഛേദിക്കും.


ദയാവധത്തിന് അനുമതി തേടി മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. ട്യൂബിലൂടെ നൽകുന്ന പോഷകവും വെള്ളവും ആണ് ഹരീഷ് റാണയുടെ ജീവൻ നിലനിർത്തുന്നത്. അത് നീക്കം ചെയ്യാൻ രോഗിയെ ഡൽഹി എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കണമെന്നും ഡോക്‌ടർമാരുടെ കർശന നിരീക്ഷണത്തിൽ അത് നിർവഹിക്കണമെന്നുമാണ് കോടതിയുടെ നിർദേശം. രോഗിയെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാനുള്ള ഉത്തരവാദിത്തവും എയിംസിനായിരിക്കും.


ബി.ടെക് വിദ്യാർഥി ആയിരുന്ന ഹരീഷ് റാണ നാലാം നിലയിലെ വാടക മുറിയുടെ ബാൽക്കണിയിൽ നിന്ന് 2013 ലാണ് വീണത്. തലക്ക് ഗുരുതരമായി ക്ഷതമേറ്റ റാണ അന്നുമുതൽ അബോധാവസ്ഥയിൽ ജീവഛവമായി കിടക്കുകയാണ്.


വർഷങ്ങൾക്ക് മുമ്പ് അരുണ ഷാൻബോഗ് എന്ന നെഴ്‌സിന്‍റെ ദാരുണമായ അവസ്ഥ ദയവാധ ചർച്ചകൾക്കും കോടതി ഇടപെടലുകൾക്കും കാരണമായിരുന്നു. മുംബൈയിലെ കിങ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രിയിലെ തൊഴിലാളി നടത്തിയ ലൈംഗിതിക്രമത്തെ തുടർന്നാണ് അവർ അബോധാവസ്ഥയിൽ നാല് പതിറ്റാണ്ടോളം കാലം കഴിയേണ്ടി വന്നത്. ജീവഛവമായി 36 വർഷം കിടന്ന അവർക്ക് ദയാവധം അനുവദിക്കണമെന്ന ഹരജി 2009 ൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. 2014 ൽ ദയാവധ വിഷയം സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനക്ക് വിടുകയാണ് ചെയ്തത്. 2015 ൽ അരുണ ഷാൻബോഗ് കടുത്ത ന്യുമോണിയ ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page