ദക്ഷിണ കൊറിയയിൽ ഇംപീച്ച്‍മെന്‍റ്; അധികാരമില്ലാതെ പ്രസിഡന്‍റ്
- പി. വി ജോസഫ്
- Dec 14, 2024
- 1 min read

പാർലമെന്‍റിൽ ഇംപീച്ച്‍മെന്‍റ് പ്രമേയം പാസ്സായതോടെ ദക്ഷിണ കൊറിയയിൽ പ്രസിഡന്‍റ് യൂൺ സിക് ഇയോളിന് ഇനി അധികാരം വിനിയോഗിക്കാൻ കഴിയില്ല. രാജ്യത്തെ ഭരണഘടനാ കോടതി ഇംപീച്ച്‍മെന്‍റിൽ അന്തിമവിധി പുറപ്പെടുവിക്കുന്നതു വരെ അദ്ദേഹത്തിന് അധികാരമില്ലാത്ത പ്രസിഡന്‍റായി തൽസ്ഥാനത്ത് തുടരാം. കോടതി വിധിക്ക് പരമാവധി ആറ് മാസം എടുക്കും. അതുവരെ പ്രധാനമന്ത്രി ഹാൻ ഡക് സൂ പ്രസിഡന്‍റിന്‍റെ അധികാരങ്ങൾ നിർവ്വഹിക്കും.
300 അംഗങ്ങളുള്ള പാർലമെന്‍റിൽ 85 നെതിരെ 204 പേരുടെ വോട്ടോടെയാണ് ഇംപീച്ച്‍മെന്‍റ് പ്രമേയം പാസ്സായത്. ഡിസംബർ 3 ന് അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചതാണ് പാർലമെന്‍റും പൊതുജനങ്ങളും പ്രസിഡന്‍റിനെതിരെ തിരിയാൻ കാരണമായത്. പ്രതിപക്ഷ കക്ഷികൾ മാത്രമല്ല ഭരണകക്ഷി അംഗങ്ങളും അദ്ദേഹത്തിനെതിരെ രോഷം പ്രകടിപ്പിച്ചു. പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞിട്ടും ഫലമുണ്ടായില്ല. പ്രമേയം വോട്ടിനിടുന്നതിന് മുമ്പേ പ്രസിഡന്‍റ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് ജനങ്ങൾ പാർലമെന്‍റ് പരിസരത്ത് തടിച്ചുകൂടിയിരുന്നു.
ഇംപീച്ച്‍മെന്‍റ് പ്രമേയം പാസ്സായത് രാജ്യത്തെ ജനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും വിജയമാണെന്ന് പ്രതിപക്ഷ കക്ഷിനേതാവ് പറഞ്ഞു.












Comments