ദിൽഷാദ് ഗാർഡൻ ഫൊറോനാ പള്ളിയിൽ നാളെ തിരുനാളിന് കൊടിയേറും
ന്യൂഡൽഹി: ഫരീദാബാദ് അതിരൂപതയിലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ ദിൽഷാദ് ഗാർഡൻ ഫൊറോനാ ഇടവകയിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെയും , വിശുദ്ധ സെബസ്ത്യാനോസിന്റെയും , പരിശുദ്ധ ദൈവമാതാവിന്റെയും സംയുക്ത തിരുനാളിന് നാളെ വെള്ളിയാഴ്ച കൊടിയേറും.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സ്വർഗ്ഗ പ്രാപ്തിയുടെ 800-ാം വാർഷികത്തോടനുബന്ധിച്ച് കത്തോലിക്കാ സഭ ആചരിക്കുന്ന പ്രത്യേക ജൂബിലി വർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ തിരുനാൾ ഇടവക കൂടുതൽ ഭക്തിനിർഭരമായും വിപുലമായും ആഘോഷിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 7-ന് ഇടവക വികാരി ഫാ. അബ്രഹാം ചെമ്പോട്ടിക്കൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാനയും നവനാൾ പ്രാർത്ഥനയും നടക്കും.
ശനിയാഴ്ച, ഒക്ടോബർ 10-ന്, ഇടവകയിലെ 19 കുടുംബയൂണിറ്റുകളിലേക്കും വിശുദ്ധ സെബസ്ത്യാനോസിന്റെ വെഞ്ചരിച്ച അമ്പുകൾ കൊണ്ടുപോകും. വൈകുന്നേരം 7 മണിയോടെ കുടുംബയൂണിറ്റുകളിൽ നിന്നുള്ള അമ്പു പ്രദക്ഷിണം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലെത്തും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുള്ള ശുശ്രൂഷ, ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നിവ നടക്കും.
തുടർന്ന് രാത്രി 8.30ന് ‘സ്നേഹസന്ധ്യ’ അരങ്ങേറും. ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉൾപ്പെടുന്ന സാംസ്കാരിക സന്ധ്യയിൽ കുട്ടികളും യുവജനങ്ങളും മുതിർന്നവരും പങ്കെടുക്കും.
ഞായറാഴ്ച, ഒക്ടോബർ 11-ന് തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ദിനമായിരിക്കും. രാവിലെ 9-ന് ഫരീദാബാദ് അതിരൂപത പ്രൊക്യൂറേറ്റർ റവ. ഫാ. അലൻ വെമ്പാലയുടെ മുഖ്യകാർമികത്വത്തിൽ പ്രസുദേന്തി വാഴ്ചയും ആഘോഷമായ തിരുനാൾ കുർബാനയും നടക്കും. തുടർന്ന് വചനസന്ദേശവും ഉണ്ടായിരിക്കും.
തുടർന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും സമാപനാശീർവാദവും നടക്കും.




Comments