ഇന്ദ്രപ്രസ്ഥത്തിലെ ഡിഎംഎയുടെ ഫുട്ബോൾ പോരാട്ടത്തിന് ശനിയാഴ്ച്ച വിസിൽ മുഴങ്ങും

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ദ്രപ്രസ്ഥത്തിലെ അംബേദ്‌കർ സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ പോരാട്ടത്തിന് ശനിയാഴ്ച്ച (10-10-2026) രാവിലെ 7:30-ന് വിസിൽ മുഴങ്ങും.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുഖ്യാതിഥി, ഡൽഹി പോലീസ് അഡീഷണൽ സി പി / സ്പെഷ്യൽ ബ്രാഞ്ച്, നിധിൻ വത്സൻ ഐപിഎസ് ഉദ്‌ഘാടനം നിർവഹിക്കും. പ്രമുഖ സ്‌പോർട്‌സ് മാനേജ്‌മെന്റ് വിദഗ്ദ്ധനും സാമൂഹ്യ പ്രവർത്തകനുമായ ഡോ രമേഷ് നമ്പ്യാർ മത്സരം കിക്ക്-ഓഫ് ചെയ്യും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും ഫുട്ബോൾ ടൂർണമെന്റ് കൺവീനറുമായ കെ ജി രഘുനാഥൻ നായർ തുടങ്ങിയവർ ആശംസകൾ നേരും. ഗ്രാൻഡ് ഫിനാലെ നടക്കുന്ന ഒക്ടോബർ 11 ഞായറാഴ്ച ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷാജി പ്രഭാകരൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
പതിനാറു ടീമുകൾ മാറ്റുരക്കുന്ന വാശിയേറിയ മത്സരത്തിൽ, നഗരത്തിലെ പ്രമുഖ ടീമുകളായ ഫാന്റം എഫ് സി, ഡിഎംഎ മെഹ്റോളി എഫ് സി, ഡി സി വാരിയേഴ്‌സ്, എഫ് സി അംബേദ്‌കർ നഗർ, വികാസ്‌പുരി-ഹസ്താൽ എഫ് സി, ഡിഎംഎ ആർ കെ പുരം, യൂണിറ്റ്-96 എഫ് സി എംവി-3, അമൃതാ എഫ് സി, എഫ് സി മീഡിയ, അയ്‌മ, പാലക്കാടൻ കൂട്ടായ്‌മ, അപ്പെക്‌സ് എഫ് സി, ഡബ്ലിയുഎംസി എഫ് സി, സാം എഫ് സി, സൺഡേ ക്ലബ്, ഡീപ് സ്ട്രൈക്കേഴ്സ് എന്നീ ടീമുകൾ ഏറ്റുമുട്ടും.
മറ്റു ടീമുകളോടേറ്റുമുട്ടി വിജയഗാഥ രചിക്കുന്ന ടീമിന് 1 ലക്ഷം രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 50000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 25000 രൂപയും ട്രോഫിയുമാണ് ലഭിക്കുക. കൂടാതെ മികച്ച ഗോൾ കീപ്പർ, മികച്ച കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന വ്യക്തി എന്നിവർക്ക് ട്രോഫിയും 5000 രൂപ ക്യാഷ് അവാർഡും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9810791770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




Comments