തെരഞ്ഞെടുപ്പ് ഗോദയിൽ ഇതുവരെ ഏഴ് വനിതകൾ; ഈ വനിതാ ദിനത്തിൽ പ്രചാരണം നയിക്കുന്ന സ്ത്രീകളെ അറിയാം
- VIJOY SHAL
- Mar 6, 2024
- 1 min read
കൊച്ചി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേയാണ് ഈ വർഷത്തെ വനിതാ ദിനം - മാർച്ച് 8 വന്നെത്തുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം, സമത്വം, സ്വാതന്ത്യ്രം തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളുമാണ് വനിതാ ദിനത്തിൽ നടന്നുവരുന്നത്. സ്ത്രീകൾക്കായി നിക്ഷേപിക്കുക. പുരോഗതിയെ ത്വരിതപ്പെടുത്തുക. (Invest in Women Accelerate Progress) എന്നതാണ് 2024 മാർച്ച് 8 വനിതാ ദിനത്തിന്‍റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും സംസാരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ സമത്വമെല്ലാം പ്രാവർത്തികമാക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇന്നും പ്രസക്തിയേറെയാണ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മൂന്ന് പ്രധാന മുന്നണികൾ എത്ര സ്ത്രീകൾക്കാണ് മത്സരിക്കാൻ അവസരം നൽകിയിരിക്കുന്നതെന്നും അവർ ആരൊക്കെയെന്നും നോക്കാം.
കേരളത്തിലെ 20 സീറ്റുകളിലും എൽഡിഎഫ് മാത്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എൻഡിഎ മുന്നണിയ്ക്ക് നേതൃത്വം നൽകുന്ന ബിജെപി 12 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. യുഡിഎഫിൽ ഘടകകക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം സിറ്റിങ് എംപിമാരെല്ലാം കളത്തിലിറങ്ങുമെന്നാണ് അറിയാൻ കഴിയുക. നിലവിലെ സാഹചര്യത്തിൽ ഏഴ് വനിതാ സ്ഥാനാർഥികളാണ് കേരളത്തിൽ നിന്ന് ജനവിധി തേടുമെന്ന് ഉറപ്പായിട്ടുള്ളത്.
സിപിഎം നേതാക്കളായ കെകെ ശൈലജ, കെജെ ഷൈൻ, സിപിഐ ദേശീയ നേതാവ് ആനി രാജ, ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രൻ, നിവേദിത സുബ്രഹ്മണ്യൻ എംഎൽ അശ്വിനി, കോൺഗ്രസിൽ നിന്ന് ആലത്തൂർ സിറ്റിങ് എംപി രമ്യ ഹരിദാസ് എന്നിവർ. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ വനിതാ നേതാക്കൾ ഇടംപിടിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ യുഡിഎഫിൽ നിന്ന് ഇത്തവണ രമ്യ ഹരിദാസ് മാത്രമാകും ലോക്സഭയിലേക്ക് മത്സരിക്കുന്ന ഏക വനിത. നിലവിൽ കേരളത്തിൽ നിന്നുള്ള ഏക വനിതാ പാർലമെന്‍റ് അംഗവും രമ്യ ഹരിദാസാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നും രണ്ട് വീതം വനിതാ സ്ഥാനാർഥികളായിരുന്നു ജനവിധി തേടിയത്. സിപിഎമ്മിൽ നിന്ന് പികെ ശ്രീമതി ടീച്ചർ കണ്ണൂരിലും, നിലവിലെ ആരോഗ്യ മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലും മത്സരിച്ചു. സിപിഐയിൽ നിന്ന് വനിതകളാരും മത്സരരംഗത്ത് ഉണ്ടായില്ല. കോൺഗ്രസിൽ നിന്ന് രമ്യാ ഹരിദാസിന് പുറമെ ആലപ്പുഴ മണ്ഡലത്തിൽനിന്ന് ഷാനിമോൾ ഉസ്മാനും ജനവിധി തേടിയിയിരുന്നു. ബിജെപിയ്ക്കായി ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലും, വിടി രമ പൊന്നാനിയിലും മത്സരിച്ചു.
ഇത്തവണ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കേരളത്തിലെ പ്രധാന നേതാക്കളിലൊരാളുമായ കെകെ ശൈലജ വടകരയിൽ നിന്നാണ് പാർലമെന്‍റിലേക്ക് മത്സരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കെ, നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ് കെകെ ശൈലജ.











Comments