ഡല്‍ഹി അന്താരാഷ്ട്ര വ്യാപാരമേള:കേരള പവലിയന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 12
- 1 min read

ന്യൂഡല്‍ഹി: നവംബര്‍ 14 മുതല്‍ 27 വരെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള പവലിയന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി. ഭാരത് മണ്ഡപത്തിലെ നാലാം നമ്പര്‍ ഹാളിലാണ് കേരളത്തിന്റെ 299 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശനവേദി.
ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ ആശയം. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളും അതുമൂലം രാജ്യപുരോഗതിയില്‍ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവലിയനില്‍ ദര്‍ശിക്കാനാവുക. മികവ് സൂചികയില്‍ കേരളം മുന്നേറ്റം കാഴ്ചവച്ചിരിക്കുന്ന സാങ്കേതിക മേഖല, ആരോഗ്യരംഗം, വിദ്യാഭ്യാസം, സുസ്ഥിര വികസനം, ഹരിതോര്‍ജ്ജം, വാണിജ്യ പ്രോത്സാഹനമായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവ പവിലിയനില്‍ പ്രതിഫലിക്കുന്നുണ്ട്.. ആകെ 23 സ്റ്റാളുകളാണ് കേരള പവലിയനിലുള്ളത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസ് (ജി.ഐ.ടി സെസ്റ്റ് )ആണ് കേരള പവിലിയന്റെ ഡിസൈനിങും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്.
സാംസ്‌കാരിക വകുപ്പ്, കേരള ബാംബൂ മിഷന്‍, കയര്‍ വികസന വകുപ്പ്, ഹാന്റ് ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ് , കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ , പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, മത്സ്യഫെഡ് , വ്യവസായ വാണിജ്യ വകുപ്പ്, നോര്‍ക്ക, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കുടുംബശ്രീ,ഹാന്റെക്‌സ്, കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ , ഫിഷറീസ്(സാഫ്), അതിരപ്പള്ളി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, കൃഷി വികസന -കര്‍ഷക ക്ഷേമ വകുപ്പ്, കേരഫെഡ്, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, ഹാന്റി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കൈരളി),ഹാന്‍വീവ്, തദ്ദേശ സ്വയംഭരണവകുപ്പ്, ഔഷധി, വിനോദസഞ്ചാര വകുപ്പ് എന്നിവയാണ് അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള പവലിയനില്‍ അണിനിരക്കുന്നത്. കുടുംബശ്രീ, സാഫ് എന്നിവയുടെ മേല്‍നോട്ടത്തിലുള്ള ഭക്ഷണശാലകള്‍ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. മേളയോട് അനുബന്ധിച്ച് കേരളത്തനിമയുള്ള വിവിധ സാംസ്‌കാരിക-കലാപരിപാടികള്‍ സംഘടിപ്പിക്കും.










Comments