"ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല; ജാഗ്രത പുലർത്തണം" - പ്രധാനമന്ത്രി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 27, 2024
- 1 min read

ഡിജിറ്റൽ അറസ്റ്റ് എന്നൊരു സമ്പ്രദായം നിയമത്തിൽ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ സംബോധനയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍റെ ശത്രുക്കളായ ചില ക്രിമിനൽ സംഘങ്ങൾ നടത്തുന്ന ചതിയും തട്ടിപ്പുമാണ് ഡിജിറ്റൽ അറസ്റ്റെന്നും അതിനെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ വിവിധ ഏജൻസികൾ ഏകോപിച്ച് നടപടികൾ എടുക്കുന്നുണ്ട്. ഈ ഏകോപനം ശക്തിപ്പെടുത്താൻ ഒരു നാഷണൽ സൈബർ കോഓഡിനേഷൻ സെന്‍റർ സ്ഥാപിച്ചിട്ടുണ്ട്.
ഇതിനകം ആയിരക്കണക്കിന് വ്യാജ വീഡിയോ കോളിംഗ് ID കൾ ബ്ലോക്ക് ചെയ്തു. ലക്ഷക്കണക്കിന് സിം കാർഡുകളും, മൊബൈൽ ഫോണുകളും, ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുമുണ്ട്.
തട്ടിപ്പുകാരുടെ കോൾ വന്നാൽ ആശങ്കപ്പെടാൻ പാടില്ല. സ്‍ക്രീൻഷോട്ട് സഹിതം റിക്കോർഡ് ചെയ്ത് ഉടൻ പോലീസിനെ അറിയിക്കണം. നാഷണൽ സൈബർ ഹെൽപ്പ്‍ലൈൻ നമ്പറായ 1930 ലോ cybercrime.gov.in ലോ റിപ്പോർട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

コメント