ഡിഎംഎ മയൂർ വിഹാർ ഫേസ്–2 ഏരിയ വാർഷികാഘോഷം നടത്തി

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്–2 ഏരിയ 39-ാമത് വാർഷികാഘോഷം നടത്തി. മയൂർ വിഹാർ ഫേസ്–2, പോക്കറ്റ് ബി കമ്മ്യൂണിറ്റി സെന്ററിലായിരുന്നു വേദി ഒരുക്കിയത്.
ഏരിയ ചെയർമാൻ എ മുരളീധരൻ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി ദേവരാജൻ ആഘോഷ പരിപാടികൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസാദ് കെ നായർ സ്വാഗതം ആശംസിച്ചു. ഏരിയ എംഎൽഎ രവീന്ദർ സിംഗ് നേഗി, ഏരിയ കൗൺസിലർ ദേവേന്ദർ കുമാർ, മുൻ എംഎൽഎ ചൗധരി അനിൽ കുമാർ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

ചടങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയ അക്ഷിത് വിനോദ് (സയൻസ്), അദിതി മുരളീധരൻ (കോമേഴ്‌സ്), അനഘ ജയകുമാർ (ഹ്യൂമാനിറ്റീസ്) എന്നിവരെ ആദരിച്ചു. കൂടാതെ ഡിഎംഎയുടെ മുൻ പ്രസിഡന്റുമാരായ സി ചന്ദ്രനെയും സി എ നായരെയും പൊന്നാട അണിയിച്ചു. തുടർന്ന് ഏരിയ നടത്തിയ കലാ കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
തുടർന്ന് കലാമണ്ഡലം രാധാ മാരാരുടെ സംവിധാനത്തിലൊരുങ്ങിയ ഇൻവോക്കേഷനോടുകൂടി കലാപരിപാടികൾ ആരംഭിച്ചു. സി പി സനലിന്റെ രചനയിലും സംവിധാനത്തിലും അരങ്ങേറിയ "കിരീടം" തുള്ളൽ കോമഡി പ്രേക്ഷക ശ്രദ്ധ നേടി. ഏരിയയിലെ കലാപ്രതിഭകൾ അവതരിപ്പിച്ച ഗാനമേളയോടുകൂടി ചടങ്ങുകൾ സമാപിച്ചു




Comments