·അട്ടപ്പാടിയുടെ ഗോത്ര സുഗന്ധം അന്താരാഷ്ട്ര വ്യാപാരമേളയിൽ

നൂറ്റാണ്ടുകളുടെ ഗോത്ര കാർഷിക പാരമ്പര്യത്തിൽ വിളയുന്ന അട്ടപ്പാടിയുടെ തനത് ജൈവ ഉത്പന്നങ്ങൾ അറിയാനും വാങ്ങാനും ഒരിടം.
അതാണ് 45ാ-മത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയനിലെ പട്ടികവർഗ വികസന വകുപ്പിൻ്റെ സ്റ്റാളിൻ്റെ ആകർഷണം. അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ്ങ് സൊസൈറ്റി (എസിഎഫ്എസ്) യുടെ വിവിധ ഉത്പന്നങ്ങൾ സ്റ്റാളിൽ ലഭ്യമാണ്.
ഏലം, കുരുമുളക്, കാപ്പി, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉത്തരേന്ത്യയിലെ തണുപ്പുകാലം മികച്ച വിപണിയാണ് ഒരുക്കുന്നത്. മഞ്ഞൾ, കുടമ്പുളി, റാഗി, ചാമ തുടങ്ങിയ ഉത്പന്നങ്ങളും 'അട്ടപ്പാടി' എന്ന വിപണന നാമത്തിൽ സ്റ്റാളിൽ ലഭ്യമാണ്. ഗോത്രജനത വനത്തിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന തേനും കുന്തിരിക്കവും ഇവിടെയുണ്ട്.
മുൻവർഷങ്ങളിൽ മേളയിലെത്തി അട്ടപ്പാടിയുടെ ഉത്പന്നങ്ങൾ വാങ്ങിയവർ ഇത്തവണയും ആവേശത്തോടെ എത്തുന്നുണ്ടെന്ന് സ്റ്റാളിൻ്റെ ചുമതലയുള്ള പട്ടികവർഗ വികസന ഓഫീസർ ശശി എം. പറഞ്ഞു. ഇവരിൽ ഏറിയ പങ്കും പിന്നീട് ഓൺലൈൻ വഴി ഉത്പന്നങ്ങൾ പതിവായി വാങ്ങുന്നതായാണ് അനുഭവമെന്നും അദ്ദേഹം പറയുന്നു.
ഗോത്ര പാരമ്പര്യവും അത്യാധുനിക ജിയോ-ടാഗിങ് സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള നവീന കാർഷിക വിപ്ലവത്തിന്റെ കഥ കൂടിയാണ് അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ്ങ് സൊസൈറ്റിക്ക് പറയാനുള്ളത്. 1975-ൽ സ്ഥാപിതമായ സൊസൈറ്റി ഇന്ന് ഇരുള, മുഡുക, കുറുമ്പ വിഭാഗങ്ങളിൽപ്പെട്ട 420-ലധികം ആദിവാസി കുടുംബങ്ങളുടെ അതിജീവനത്തിന്റെ നെടുംതൂണാണ്. ഇവർ വിളയിച്ചെടുക്കുന്ന ജൈവ ഉത്പന്നങ്ങളാണ് കേരള പവലിയനിൽ പട്ടികവർഗ വികസന വകുപ്പിൻ്റെ സ്റ്റാളിലൂടെ (ACFS) ദേശീയ, അന്തർദേശീയ സന്ദർശകർക്കു മുന്നിലെത്തിക്കുന്നത്.
രാസവളങ്ങളും, രാസ കീടനാശിനികളും പൂർണമായും ഒഴിവാക്കിയുള്ള പരമ്പരാഗത ഗോത്ര കൃഷിരീതികൾക്കൊപ്പം ജിയോ-ടാഗിങ് എന്ന ആധുനിക സാങ്കേതികവിദ്യ കൂടി ചേർത്താണ് സൊസൈറ്റി ഈ ഉത്പന്നങ്ങളെ ആഗോള വിപണിയിലേക്ക് എത്തിക്കുന്നത്. ഓരോ കൃഷിയിടവും ജിയോ-ടാഗ് ചെയ്യുന്നതിലൂടെ തങ്ങൾ വാങ്ങുന്ന ഉത്പന്നം അട്ടപ്പാടിയുടെ ഏതു ഭാഗത്താണ് വിളയിച്ചതെന്ന് ഉപഭോക്താക്കൾക്ക് കൃത്യമായി തിരിച്ചറിയാൻ സാധിക്കും. വിതരണ ശൃംഖലയിൽ നൂറുശതമാനം സുതാര്യത ഉറപ്പാക്കുന്ന ഈ സംവിധാനമാണ് സൊസൈറ്റിയുടെ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ സ്വീകാര്യതയും വിശ്വാസ്യതയും നേടിക്കൊടുക്കുന്നത്.
ഡിജിറ്റൽ മാപ്പിംഗും ജിയോ-ടാഗിങ്ങും അട്ടപ്പാടി ബ്രാൻഡുകളുടെ പ്രത്യേകതയാണ്. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് പൂർണമായും മോചിതരായി ഗോത്രജനതയുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാനും ഇത് അവരെ പ്രാപ്തരാക്കിയിട്ടുണ്ട്.
അട്ടപ്പാടിയുടെ തനത് പൈതൃകവും ആധുനിക ഡിജിറ്റൽ വികസനവും സമന്വയിക്കുന്ന അട്ടപ്പാടി സ്റ്റാൾ മേളയുടെ ഇത്തവണത്തെ തീമായ 'വികസനവും പൈതൃകവും' ആശയത്തോട് പൂർണമായി ചേർന്നുനിൽക്കുന്നു. സംസ്ഥാന സർക്കാരിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും പിന്തുണയോടെ മികച്ച കാർഷിക വിപണന മാതൃകയായി മാറുകയാണ് അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി




Comments