ഡിഎംഎ മെഹ്റോളി ഏരിയയുടെ ഓണാഘോഷം

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ ഓണാഘോഷ പരിപാടികൾ മെഹ്റോളി ബസ് ടെർമിനലിനു സമീപമുള്ള എംസിഡി കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറി.

ഏരിയ ചെയർമാൻ കെപിഎച്ച് ആചാരി അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം അക്ഷിത കുമാർ, അൽകാ ജേക്കബ്, അരുന്ധതി മണികണ്ഠൻ എന്നിവർ ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്. മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ് മുഖ്യാതിഥിയായിരുന്നു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ ഫാ ഡോ മാത്യു കോയിക്കൽ, ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ വൈസ് ചെയർമാൻ എസ് പദ്‌മകുമാർ, സെക്രട്ടറി സുജാ രാജേന്ദ്രൻ, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, പൂക്കളം കൺവീനറും ഇന്റേണൽ ഓഡിറ്ററുമായ എം ആർ രജീഷ്, കൾച്ചറൽ കമ്മറ്റി കൺവീനറും യൂത്ത് വിങ് കൺവീനറുമായ ആഷിഷ് സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. അപർണ സത്യനാരായണൻ, ബിന്ദു സരസ്വതി എന്നിവർ അവതാരകരായിരുന്നു.
ചടങ്ങിൽ 2025-26 അധ്യയന വർഷത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് മീനാക്ഷി മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് സോഷ്യൽ വെൽഫെയർ ട്രസ്റ്റ് നൽകിയ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് 10-ാം ക്ലാസിൽ പ്രജിത് പ്രസാദ്, 12-ാം ക്ലാസിൽ വിശാൽ സോമൻ (സയൻസ്), ഐറിൻ സൂസൻ ബിനു (ഹ്യൂമാനിറ്റീസ്), റോഷൻ രജീഷ് (കോമേഴ്‌സ്) എന്നിവർക്കും 10-ാംക്ലാസിൽ മലയാളം വിഷയത്തിൽ ടോപ്പേഴ്‌സിനുള്ള അഡ്വക്കേറ്റ് ജോൺ തോമസ് നൽകിയ കെ ജെ വർഗീസ് മെമ്മോറിയൽ അവാർഡ് പ്രജിത് പ്രസാദ് (100%)നും സമ്മാനിച്ചു. ഗുരു മേഘാ നായരെയും, വേണു സജയനെയും തദവസരത്തിൽ ആദരിച്ചു.
ആഘോഷത്തോടനുബന്ധിച്ച് 11 ടീമുകൾ പങ്കെടുത്ത പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹരായ അമ്പിളി അഭിലാഷ് നയിച്ച കണിക്കൊന്നക്കും രണ്ടാം സമ്മാനത്തിന് അർഹരായ ചന്ദ്ര പ്രകാശ് നയിച്ച ആരാധ്യ കിഡ്‌സ് കെയറിനും മൂന്നാം സമ്മാനത്തിന് അർഹരായ പോൾമോൻ ജോയ് നയിച്ച ഇൻസൈഡ് ഇന്ത്യ ടൂർ ആൻഡ് ട്രാവൽസ് മെഹ്‌റോളിക്കും ചടങ്ങിൽ സമ്മാനങ്ങളും നൽകി.
തുടർന്ന് ഏരിയ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കൈകൊട്ടിക്കളി, ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ, സിനിമാ ഗാനങ്ങൾ, തിരുവാതിരകളി, ഫ്യൂഷൻ ഡാൻസ് എന്നീ കലാപരിപാടികൾ അരങ്ങേറി.
തുടർന്ന് മെലഡി കിംഗ്‌സിന്റെ ബാനറിൽ സുമേഷ് അയിരൂർ നയിച്ച മെഗാ മ്യൂസിക്കൽ നൈറ്റ് ആഘോഷ പരിപാടികൾക്ക് ചാരുതയേകി. ചടങ്ങിൽ ലക്കി ട്രോ നറുക്കെടുപ്പും സമ്മാന വിതരണവും നടത്തി.
ഡിഎംഎ കേന്ദ്രകമ്മിറ്റി അംഗങ്ങളായ അഡ്വ കെ തോമസ്, ഡി ജയകുമാർ, രമാ സുനിൽ, കരോൾബാഗ്-കൊണാട്ട് പ്ലേസ് ഏരിയ ചെയർമാൻ എ കെ സുബ്രഹ്മണ്യൻ, ട്രെഷറർ എസ് വിജയകുമാരൻ നായർ, മയൂർ വിഹാർ ഏരിയ സെക്രട്ടറി വി രഘുനാഥൻ, പശ്ചിം വിഹാർ ഏരിയ വൈസ് ചെയർപേഴ്‌സൺ നളിനി മോഹൻ, മോത്തി നഗർ ഏരിയ സെക്രട്ടറി സുനിൽ കുമാർ, പി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾ സമാപിച്ചത്.





Comments