ഡിഎംഎ ആർ.കെ.പുരം ഏരിയ ഓണാഘോഷം

ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) ആർ.കെ.പുരം ഏരിയയുടെ ഓണാഘോഷം ഒക്ടോബർ 2-ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മഹാത്മാഗാന്ധി അനുസ്മരണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഏരിയ ചെയർമാന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ജനറൽ തിഹാർ ജയിൽ ശ്രീ ആനന്ദ് മോഹൻ ഐപിഎസ്, റിട്ടയേർഡ് മേജർ ജനറൽ കെ. നാരായണൻ (AVSM, SM) എന്നിവർ മുഖ്യാതിഥികളായി. ആർ.കെ.പുരം എംഎൽഎ അനിൽ കുമാർ ശർമ്മ, ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ഏരിയ സെക്രട്ടറി രത്നാകരൻ നമ്പ്യാർ, ട്രഷറർ എം.ഡി. പിള്ള, വിമൻസ് വിങ് കൺവീനർ ബീന പ്രദീപ്, പ്രോഗ്രാം കൺവീനർ സുജിത് കെ.പി. എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഏരിയയിലെ സീനിയർ അംഗങ്ങളായ ശ്രീ. പി.കെ.എൻ. നമ്പ്യാർ, ശ്രീ. വിജയൻ പുളിയംപെറ്റ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, ഡിഎംഎ സെൻട്രൽ കമ്മിറ്റിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കൾ, തിരുവാതിരക്കളിയിൽ പങ്കെടുത്ത ടീം അംഗങ്ങൾ, നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കലാകാരന്മാർ എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ആവേശത്തോടെ പങ്കെടുത്ത വിവിധ കലാ-കായിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റുകൂട്ടി.
ആർ.കെ.പുരം ഏരിയയിലെ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും കൊണ്ട് ഓണാഘോഷം ഹൃദ്യവും ആഘോഷപൂർണ്ണവുമായി.





Comments