top of page

ജനപ്രതിനിധികൾ ഭരണഘടനയുടെ വക്താക്കൾ ആകണം : ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 22, 2024
  • 1 min read
ree

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ലോക്സഭ, രാജ്യസഭ അംഗങ്ങളോടൊപ്പം ഫരിദാബാദ് രൂപത പ്രതിനിധികൾ ക്രിസ്തുമസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗോൾഡക്കാന ജീസസ് ആൻഡ് മേരി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട രൂപതയുടെ ക്രിസ്തുമസ് ആഘോഷത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ശ്രീ. ജോർജ് കുര്യനും, എ. ഐ. സി. സി. ജനറൽ സെക്രട്ടറിയും വയനാട് ലോക്സഭ എം. പി.യുമായ ശ്രീമതി പ്രിയങ്ക ഗാന്ധി വദേരയും, കേരളത്തിൽ നിന്നുള്ള മറ്റ് ഭൂരിഭാഗം ലോക്സഭ, രാജ്യസഭ അംഗങ്ങളും പങ്കെടുത്തു.

ഈ കഴിഞ്ഞ ദിവസം ശ്രീമതി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ നടത്തിയ കന്നി പ്രസംഗത്തെ പ്രശംസിച്ചുകൊണ്ട് സംസാരിക്കവേ, ആ പ്രസംഗത്തിൽ ഭരണഘടനയുടെ പവിത്രതയെ ഊന്നി പറയുകയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ആഹ്വാനം ചെയ്തത് കാലത്തിന്റെ ആവശ്യകതയാണെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ആശംസ സന്ദേശത്തിൽ എടുത്തു പറഞ്ഞു. കേരളത്തിൽ നിന്നുള്ള ലോകസഭ, രാജ്യസഭ ജനപ്രതിനിധികൾ പൊതുനന്മയ്ക്കും ജനകീയ പ്രശ്നങ്ങൾക്കും വേണ്ടി നിലകൊള്ളുമ്പോൾ ഭരണഘടനാ ആശയങ്ങളും ധാർമ്മികമൂല്യങ്ങളും ഉയർത്തിപ്പിടിക്കണമെന്ന് ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു.


താൻ പഠിച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വീണ്ടും വന്ന് ഒരു ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചത് വികാരഭരിതമായ ഒരു അനുഭവം ആണെന്ന് ശ്രീമതി പ്രിയങ്ക ഗാന്ധി അനുസ്മരിച്ചു. ഫരിദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, ജീസസ് ആൻഡ് മേരി സ്കൂൾ പ്രിൻസിപ്പൽ, ജീസസ് ആൻഡ് മേരി കോൺഗ്രിഗേഷന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നിവരും എംപിമാരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്തുമസ് കരോൾ ഗാനങ്ങളോടും പ്രാർത്ഥനയോടും കൂടി ആഘോഷങ്ങൾ സമാപിച്ചു.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page