top of page

ചാവറ കുര്യാക്കോസ് എലിയാസ് ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃക: ഡോ. ശശി തരൂർ.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 19, 2024
  • 1 min read
ree

ഡൽഹി ചാവറ കൾച്ചറൽ സെന്റർ നടത്തുന്ന ചാവറ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്ത് ഡോ. ശശി തരൂർ എം.പി. സംസാരിക്കുന്നു.


ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃകയാണെന്ന് ഡോ. ശശി തരൂർ എം. പി. ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോധി റോഡിലുള്ള ശ്രീ സത്യസായി ഓഡിറ്റോറിയത്തിൽ ബുധനാഴ്ച വൈകുന്നേരം നടത്തിയ ചാവറ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും നൂറുവർഷങ്ങൾക്ക് മുമ്പ് മറ്റാർക്കും ചിന്തിക്കുന്നതിനപ്പുറത്തുള്ള സാമൂഹിക പരിഷ്കരണപരിപാടികൾക്ക്, നിരവധി പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടുതന്നെ തുടക്കംകുറിക്കുവാൻ വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസിന് സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജാതിമതവർഗ ചിന്തകൾക്കതീതമായി എല്ലാവരെയും ഉൾകൊണ്ട് മാനവികതയിൽ വേരൂന്നിപ്രവർത്തിച്ച അദ്ദേഹത്തിന്റെ ദർശനങ്ങൾ ഇന്നും കാലികപ്രസക്തമാണെന്ന് ഡോ. തരൂർ പറഞ്ഞു.


സമൂഹത്തിലെ ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉയർത്തെഴുന്നേൽപ്പിന് ഏറ്റവും അനിവാര്യമായത് വിദ്യാഭ്യാസമാണ്. ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധ ചാവറ കുര്യാക്കോസ് പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതും ഇന്ത്യയിൽ ആദ്യമായി ശമ്പളം നൽകി മികച്ച അധ്യാപകരെ നിയമിച്ചതും കുട്ടികൾക്ക് സൗജന്യഉച്ചഭക്ഷണം നൽകി തുടങ്ങിയതും. ഇന്ത്യയിലെ മുൻനിര സാമൂഹികപരിഷ്കർത്താക്കൾക്കും വളരെ മുൻപുതന്നെ സമൂഹത്തിലെ വ്യത്യസ്തമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന് സാധിച്ചുവെന്ന് ഡോ. ശശി തരൂർ പറഞ്ഞു.


'സുസ്ഥിരവികസനം ലക്ഷ്യമാക്കി, വിദ്യാഭ്യാസമേഖലയിൽ

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മുന്നോട്ടുവച്ച മാതൃക' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം ഡൽഹിയിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ ഡോ. റോബി കണ്ണഞ്ചിറ സി.എം.ഐ., ഡൽഹി അതിരൂപത സഹായമെത്രാൻ ബിഷപ്പ് ദീപക് വലേറിയൻ ടൗരോ, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു.


എംപിമാരായ കൊടുക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കെ രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ കേരളസർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, സി.ബി.സി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page